19ആം ഓവറിൽ തല്ലുകൊള്ളാൻ ഭുവനേശ്വറിന്റെ കരിയർ ഇനിയും ബാക്കി ആശങ്കയോടെ ഇന്ത്യ

   

കഴിഞ്ഞ കുറച്ചധികം മത്സരങ്ങളിലായി കണ്ടുവരുന്നത് ഇന്ത്യയുടെ മോശം ഡെത്ത് ഓവർ ബോളിംഗാണ്. ബാറ്റർമാർക്ക് അവസാന ഓവറുകളിൽ അടിച്ചുതൂക്കാനുള്ള എല്ലാ അവസരവും ഇന്ത്യയുടെ ബോളർമാർ നൽകുന്നുണ്ട്. കൃത്യമായി യോർക്കറുകൾ പോലും ഫലവത്താക്കാൻ കഴിയാത്ത ബോളിംഗ് നിരയാണ് ഇന്ത്യക്ക് നിലവിലുള്ളത്. ഇതിൽ പ്രധാനമായും എടുത്തുപറയേണ്ടത് ഭുവനേശ്വർ കുമാറിനെപറ്റിയാണ്. ഇന്ത്യക്കായി ഇത്രയധികം മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുണ്ടായിട്ടും പത്തൊമ്പതാമത്തെ ഓവറിൽ ഭുവനേശ്വർ കുമാർ കളി മറക്കുന്നതാണ് കഴിഞ്ഞ മത്സരങ്ങളിൽ കാണുന്നത്. അതുതന്നെയാണ് ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി20യിലും സംഭവിച്ചത്.

   

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ പതിനേഴാം ഓവറും പത്തൊമ്പതാം ഓവറുമായിരുന്നു ഭുവനേശ്വർ എറിഞ്ഞത്. ഇതിൽ 17ആമത്തെ ഓവറിൽ 15 റൺസും, പത്തൊമ്പതാമത്തെ ഓവറിൽ 14 റൺസ് ഭുവനേശ്വർ വിട്ടുനൽകി. മുൻപ് ഏഷ്യാകപ്പിലെ സൂപ്പർ നാല് മത്സരങ്ങളിൽ ഭുവനേശ്വർ പത്തൊമ്പതാം ഓവറിൽ ഫ്റൺസ് വിട്ടുനൽകിയിരുന്നു. ഏഷ്യാകപ്പിലെ സൂപ്പർ നാല് മത്സരങ്ങളിൽ പാകിസ്ഥാനെതിരെ 19 റൺസും ശ്രീലങ്കയ്ക്കെതിരെ 14 റൺസുമായിരുന്നു ഭുവനേശ്വർ പത്തൊമ്പതാം ഓവറിൽ വിട്ടുനൽകിയത്. ഭുവനേശ്വർ കുമാറിന്റെ മോശം പ്രകടനങ്ങൾ ലോകകപ്പിനു മുൻപ് ഇന്ത്യയ്ക്ക് നിരാശ ഉണ്ടാക്കുന്നുണ്ട്.

   

മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. രോഹിതിതും(11) കോഹ്‌ലിയും(2) പെട്ടെന്ന് തന്നെ കൂടാരം കയറിയെങ്കിലും സൂര്യകുമാറും(46) കെ എൽ രാഹുലും(55) ക്രീസിൽ ഉറച്ചു. അവസാന ഓവറുകളിൽ ഹാർദിക് പാണ്ട്യയുടെ വെടിക്കെട്ടിൽ ഇന്ത്യ 208 എന്ന മികച്ച സ്കോറിൽ എത്തുകയായിരുന്നു. മത്സരത്തിൽ 30 പന്തുകൾ നേരിട്ട പാണ്ട്യ 7 ബൗണ്ടറികളുടെയും അഞ്ചു സിക്സറുടെയും അകമ്പടിയോടെ 71 റൺസായിരുന്നു നേടിയത്.

   

മറുപടി ബാറ്റിങ്ങിൽ ഗ്രീനും(61) സ്റ്റീവൻ സ്മിത്തും ഓസ്ട്രേലിയയ്ക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്താൻ സാധിച്ചെങ്കിലും പേസ് ബോളർമാർ റൺസ് വിട്ടുനൽകിയത് ഇന്ത്യയ്ക്ക് വിനയായി. അവസാന ഓവറുകളിൽ 21 പന്തിൽ 45 റൺസ് നേടി മാത്യു വെയ്ഡ് മികവ് കാട്ടിയതോടെ ഓസ്ട്രേലിയ നാലു വിക്കട്ടുകൾക്ക് ലക്ഷ്യം മറികടന്നു.

Leave a Reply

Your email address will not be published. Required fields are marked *