ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരെ ട്വന്റി20 പരമ്പരകൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സ്റ്റാർ ബോളർ മുഹമ്മദ് ഷാമിയ്ക്ക് കോവിഡ് ബാധിച്ചത്. ഈ സാഹചര്യത്തിൽ ഷാമിക്ക് പകരക്കാരനായി മറ്റൊരാളെ ടീമിൽ എത്തിക്കുക എന്നത് പ്രയാസം തന്നെയായിരുന്നു. എന്നാൽ പലരുടേയും പ്രതീക്ഷ തെറ്റിച്ച് ഇന്ത്യൻ പേസർ ഉമേഷ് യാദവിനെയാണ് മുഹമ്മദ് ഷാമിക്ക് പകരം ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിന്റെ സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ.
ഉമേഷ് യാദവിനെ തിരിച്ച് ടീമിലെത്തിച്ചതിനോപ്പം ടീമിൽ മറ്റു പേസർമാരുടെ അവസ്ഥയെക്കുറിച്ചും രോഹിത് വാചാലനാവുകണ്ടായി. “നമുക്ക് ഷാമിക്ക് പകരക്കാരനാവാൻ കുറച്ചധികം ഓപ്ഷനുകൾ ഉണ്ടായിരുന്നു. എന്നാൽ പ്രസിദ് കൃഷ്ണ പരിക്കിന്റെ പിടിയിലാണ്. സിറാജ് നിലവിൽ കൗണ്ടി ക്രിക്കറ്റ് കളിക്കുകയാണ്. കേവലം ഒന്നോ രണ്ടോ മത്സരത്തിനായി ഇംഗ്ലണ്ടിൽ നിന്ന് വരാൻ സിറാജിനോട് ആവശ്യപ്പെടാനാവില്ല. ഏഷ്യാകപ്പിന് ശേഷം ആവേഷ് ഖാനും പരിക്കുണ്ട്. അതിനാൽ ഫിറ്റ്നസ് വീണ്ടെടുക്കേണ്ടിയിരിക്കുന്നു”-രോഹിത് പറയുന്നു.
“ഉമേഷിനെയോ ഷാമിയെയൊ പോലെയുള്ളവർ ഒരു പ്രത്യേക ഫോർമാറ്റിൽ പ്രകടനങ്ങൾ കാഴ്ച വയ്ക്കേണ്ട ആവശ്യമില്ല. അവർ സ്വയം തെളിയിക്കേണ്ടവരാണ്. അവർ പൂർണ ഫിറ്റ്നസിലാണെങ്കിൽ അവരെ തിരികേയെത്തിക്കും. ഐപിഎല്ലിൽ എത്ര മികച്ച രീതിയിലാണ് ഉമേഷ് ബോൾ ചെയ്തതെന്ന് നമ്മൾ കണ്ടതാണ്. അയാൾ നന്നായി തന്നെ ബോൾ ചെയ്തു. മാത്രമല്ല ഉമേഷിനെ ടീമിൽ ഉൾപ്പെടുത്തുന്നതിലൂടെ നമുക്ക് ഒരു ന്യൂബോൾ ബോളറെകൂടിയാണ് ലഭിക്കുക. കാരണം അയാൾക്ക് ബോൾ സ്വിങ് ചെയ്യാനുള്ള കഴിവുണ്ട്.”- രോഹിത് കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം ഇത്തരം സീരിയലുകളിൽ കളിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും രോഹിത് പറയുകയുണ്ടായി. കൂടുതലായും വ്യത്യസ്ത സാഹചര്യങ്ങളിൽ കളിക്കാർക്ക് എങ്ങനെ മത്സരത്തിൽ നിയന്ത്രിക്കാൻ സാധിക്കും എന്നറിയാൻ ഇത്തരം സീരിസുകൾ ഉപകാരപ്രദമാകുമെന്ന് രോഹിത് പറഞ്ഞു വയ്ക്കുന്നുണ്ട്.