ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയ ശേഷം സഞ്ജു സാംസണെ ഇന്ത്യയുടെ എ ടീം ക്യാപ്റ്റനാക്കിയത് വലിയ വാർത്തയായിരുന്നു. സഞ്ജു ആരാധകരുടെ പ്രതിഷേധം അണപൊട്ടിയ സാഹചര്യത്തിൽ ബിസിസിഐ കണ്ടുപിടിച്ച എളുപ്പവഴിയായിരുന്നു ഇത് എന്ന അഭിപ്രായമാണ് പലർക്കും. ഇതിനോട് ശരിവയ്ക്കുന്ന രീതിയിലാണ് മുൻ പാക് ക്രിക്കറ്റർ ഡാനിഷ് കനേറിയ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. സഞ്ജുവിനെ സ്ക്വാഡിൽ നിന്ന് പുറത്താക്കിയതോടെ ബിസിസിഐ പൂർണമായും സമ്മർദത്തിലായിയെന്നും ഇതിൽ പരിഹാരമായിട്ടാണ് അദ്ദേഹത്തെ ഇന്ത്യ എ ടീം ക്യാപ്റ്റനാക്കിയതെന്നും ഡാനിഷ് കനേറിയ പറയുന്നു.
“സഞ്ജുവിന് വലിയ രീതിയിലുള്ള ആരാധക പിന്തുണയുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി ഓസ്ട്രേലിയയിൽ ഫലപ്രദമായേനെ. ബൗൺസ് ലഭിക്കുന്ന പിച്ചുകളിൽ സഞ്ജുവിനെക്കാൾ നന്നായി കളിക്കുന്ന മറ്റൊരു ബാറ്ററില്ല. എന്തായാലും അയാളെ ഇന്ത്യ എ ടീം ക്യാപ്റ്റൻ ആക്കിയിട്ടുണ്ടല്ലോ. സഞ്ജുവിനെ ലോകകപ്പ് സ്ക്വാഡിൽ എടുക്കാതിരുന്നത് ബിസിസിഐക്ക് വലിയ രീതിയിലുള്ള സമ്മർദമുണ്ടാക്കിയിട്ടുണ്ട്.
അതുകൊണ്ടാണ് ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റൻസി സഞ്ജുവിന് നൽകിയത്.”- ഡാനിഷ് കനേറിയ പറയുന്നു. “എന്തൊക്കെ വിഭാഗത്തിൽ വരുന്നതാണെങ്കിലും ദേശീയ ടീമിന്റെ നായകനാകുക എന്നത് വളരെ അഭിമാനകരമായ കാര്യമാണ്. സഞ്ജുവിനെ സംബന്ധിച്ച് ഇത് ഒരു മികച്ച അവസരവുമാണ്. ക്യാപ്റ്റനെന്ന നിലയിൽ ഈ പരമ്പരയിൽ ഇന്ത്യ എ ടീമിനെ വിജയിപ്പിക്കാൻ സാധിച്ചാൽ.
സഞ്ജുവിന് അത് വളരെയധികം ഗുണം ചെയ്യും.”- ഡാനിഷ് കനേറിയ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 22, 25, 27 തീയതികളിലാണ് ഇന്ത്യ എ ടീമിന്റെ ന്യൂസിലാൻഡ് എ ടീമിനെതിരായ മത്സരം നടക്കുക. സഞ്ജുവിന് പുറമെ പൃഥ്വി ഷാ,അഭിമന്യു ഈശ്വർ, ഋതുരാജ്, താക്കൂർ തുടങ്ങിയവരും ഇന്ത്യയുടെ എ ടീമിലെ അംഗങ്ങളാണ്.