അവൻ രണ്ടു കളിക്കാർക്ക് തുല്യം ഇന്ത്യൻ താരത്തെപറ്റി ബ്രെസ്നൻ പറഞ്ഞത് കേട്ടോ

   

ഇന്ത്യൻ ടീമിന്റെ നിലവിലെ പ്രധാന കളിക്കാരിൽ ഒരാളാണ് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ. മധ്യനിരയിൽ വെടിക്കെട്ട് ബാറ്റിംഗ് നടത്താനും 150ന് മുകളിൽ ബോൾ ചെയ്യാനും കഴിയുന്ന നിലവിലെ ചുരുക്കം ചില ക്രിക്കറ്റർമാരിൽ ഒരാളുമാണ് പാണ്ട്യ. പലപ്പോഴും ഇന്ത്യയുടെ രക്ഷകനാകുന്ന പാണ്ട്യ കുറച്ചുനാളുകളായി ഇന്ത്യൻ ടീമന്റെ വിശ്വസ്തനുമാണ്. ഹർദിക് പാണ്ഡ്യയെ പോലെയുള്ള ഫാസ്റ്റ് ബോളിംഗ് ഓൾറൗണ്ടർമാർ ദേശീയ ടീമുകൾക്ക് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് സംസാരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റർ ടിം ബ്രെസ്നൻ.

   

പി ടി ഐ യുമായി നടത്തിയ അഭിമുഖത്തിലാണ് ഹർദിക് പാണ്ഡ്യയെപോലെയുള്ള സീം ബോളർമാരെ പറ്റി ബ്രെസ്നൻ പറഞ്ഞത്. “തീർച്ചയായും ഒരു പേസ് ബോളിംഗ് ഓൾറൗണ്ടർ എന്നത് ടീമുകളെ സംബന്ധിച്ച് നിർണായകം തന്നെയാണ്. ഇത് ടീമിന് ബാലൻസ് നൽകും. മാത്രമല്ല രണ്ട് ക്രിക്കറ്റർമാർ ടീമിലുള്ള പ്രതീതിയും നൽകും. ശരിക്കും പേസ് ഓൾറൗണ്ടർ എന്നത് വളരെ പ്രയാസകരമായ പൊസിഷനാണ്. കാരണം മത്സരത്തിന്റെ എല്ലാ സമയത്തും അയാളുടെ പങ്കാളിത്തം ടീമുകൾക്ക് ആവശ്യമാണ്. സത്യം പറഞ്ഞാൽ ഒരു സ്വർണത്തിന് സമമാണ് ക്രിക്കറ്റിൽ ഫാസ്റ്റ് ബോളിംഗ് ഓൾറൗണ്ടർമാർ” – ബ്രെസ്നൻ പറയുന്നു.

   

“ഹർദിക് പാണ്ഡ്യയെ സംബന്ധിച്ച് അയാൾ ഇന്ത്യയുടെ പ്രധാന ഘടകമാണ്. അയാൾ ഒരു നല്ല അത്ലറ്റ് കൂടെയാണ്. ഫീൽഡിങ്ങിലും മികവാർന്ന പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നുണ്ട്. എന്നിരുന്നാലും ഹർദിക് കുറച്ചുകൂടി പക്വതയോടെ കളിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ അയാൾ ലോകക്രിക്കറ്റിലെ തന്നെ മികച്ച ക്രിക്കറ്റർമാരിൽ ഒരാളായി മാറും.”- ബ്രെസ്നൻ കൂട്ടിച്ചേർത്തു.

   

ഇന്ത്യൻ ടീമിൽ പാണ്ട്യയുടെ റോൾ വളരെ പ്രധാനപ്പെട്ടതാണ് എന്ന് ബ്രെസ്നൻ പറഞ്ഞുവയ്ക്കുന്നു. വളരെയധികം കാലം പരിക്കിന്റെ പിടിയിൽപെട്ട പാണ്ട്യ വമ്പൻ തിരിച്ചുവരവായിരുന്നു ഇന്ത്യൻ ടീമിലേക്ക് നടത്തിയത്.ഗുജറാത്ത് ടീമിന് ഐപിഎൽ കിരീടം വാങ്ങിനൽകി വന്ന പാണ്ട്യ നിലവിൽ ഇന്ത്യയുടെ നെടുംതൂണാണ്.

Leave a Reply

Your email address will not be published. Required fields are marked *