ഇന്ത്യൻ ടീമിന്റെ കഴിഞ്ഞ കുറച്ചധികം മത്സരങ്ങളിലെ പ്രധാനഘടകമാണ് ബാറ്റർ സൂര്യകുമാർ യാദവ്. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്ന സൂര്യകുമാർ യാദവ് വരുന്ന ട്വന്റി20 ലോകകപ്പിലും ഇന്ത്യയുടെ പ്രധാന സാന്നിധ്യമാകും എന്നത് ഉറപ്പാണ്. ഇന്ത്യ കഴിഞ്ഞ മത്സരങ്ങളിൽ സൂര്യ കുമാറിനെ വിവിധ പൊസിഷനുകൾ ബാറ്റിങ്ങിനിറക്കുകയുണ്ടായി. ഓപ്പണറായും മൂന്നാം നമ്പറിലും നാലാം നമ്പറിലുമോക്കെ മികച്ച പ്രകടനങ്ങൾ തന്നെയായിരുന്നു സൂര്യകുമാർ യാദവ് പുറത്തെടുത്തത്. എന്നാൽ നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്നതിനോടാണ് തനിക്ക് ഏറ്റവും താൽപര്യമെന്ന് സൂര്യകുമാർ യാദവ് പറയുന്നു.
മത്സരത്തിലെ തന്റെ ആദ്യ ബോൾ മുതൽ അടിച്ചുതൂക്കുന്ന സൂര്യകുമാറിന്റെ മനോഭാവം നാലാം നമ്പറിൽ ഇന്ത്യക്ക് ഗുണം ചെയ്തിരുന്നു. “എല്ലാ പൊസിഷനുകളിലും ഞാൻ ബാറ്റ് ചെയ്തിട്ടുണ്ട്. 1, 3, 4, 5 എന്നീ നമ്പറുകളിലാണ് പ്രധാനമായും. എന്നാൽ എനിക്ക് പറ്റിയ പൊസിഷൻ നാലാം നമ്പർ ആണെന്ന് തോന്നുന്നു. ആ സമയത്ത് ബാറ്റിംഗ് ഇറങ്ങുമ്പോൾ എനിക്ക് പൂർണമായും മത്സരം നിയന്ത്രണത്തിലാക്കാൻ സാധിക്കുന്നുണ്ട്. മാത്രമല്ല ഏഴ് മുതൽ 15 വരെയുള്ള ഓവറുകളിൽ ബാറ്റിംഗ് ചെയ്യുമ്പോൾ ഞാൻ നന്നായി ആസ്വദിക്കുന്നുമുണ്ട്.
ആ സമയത്ത് വളരെ പോസിറ്റീവായിരിക്കാനും ശ്രമിക്കുന്നു”- സൂര്യകുമാർ പറഞ്ഞു. “ടീമുകൾക്ക് മികച്ച തുടക്കവും, വെടിക്കെട്ട് ഫിനിഷിങ്ങും ലഭിക്കുന്ന ഒരുപാട് മത്സരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ എനിക്ക് തോന്നുന്നത് ട്വന്റി20യിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇതിനു രണ്ടിനും ഇടയിലുള്ള സമയമാണെന്നാണ്. 8 മുതൽ 14 വരെയുള്ള ഓവറുകൾക്കാണ് മത്സരത്തിൽ ഏറ്റവുമധികം പ്രാധാന്യമുള്ളത്.” -സൂര്യകുമാർ കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഇന്ത്യ സൂര്യ കുമാറിനെ വിവിധ പൊസിഷനുകളിൽ കളിപ്പിക്കുകയുണ്ടായി. എന്നിരുന്നാലും ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ നാലാം നമ്പറിൽ തന്നെ സൂര്യകുമാർ കളിക്കാനാണ് സാധ്യത. രോഹിത് ശർമയും കെ എൽ രാഹുലും വിരാട് കോഹ്ലിയും ആദ്യ മൂന്ന് നമ്പറുകളിലെ ബാറ്റർമാരാവാനും സാധ്യതയുണ്ട്.