തന്ത്രം കൊള്ളാം വർമ സാറേ സഞ്ജുവിനെ ക്യാപ്റ്റനാക്കി രക്ഷപെടാൻ നോക്കിയ ബിസിസിഐയെ പഞ്ഞിക്കിട്ടു ട്വിറ്റർ

   

സഞ്ജു സാംസണെ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയത് പലർക്കും ഞെട്ടിക്കുന്ന ഒരു വാർത്ത തന്നെയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ സഞ്ജു കാഴ്ചവച്ച ബാറ്റിംഗാണ് ഇതിനു കാരണം. ഇന്ത്യക്കായി അങ്ങേയറ്റം ആത്മാർത്ഥമായി കളിച്ച സഞ്ജുവിന്റെ മികച്ച പ്രകടനങ്ങൾ ബിസിസിഐ കാണാതെ പോവുകയാണുണ്ടായത്. ലോകകപ്പ് സ്‌ക്വാഡിൽ നിന്ന് മാത്രമല്ല, ഇന്ത്യയുടെ വരാനിരിക്കുന്ന ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ന്യൂസിലാൻഡ് എ ടീമും ഇന്ത്യ എ ടീമും തമ്മിൽ നടക്കുന്ന ഏകദിന പരമ്പരയിൽ സഞ്ജുവിനെ ക്യാപ്റ്റനായി നിശ്ചയിച്ചിരിക്കുകയാണ്.

   

ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചതിനുശേഷം ലോകത്താകമാനമുള്ള സഞ്ജു ആരാധകരുടെ പക്കൽ നിന്നും വിമർശനങ്ങൾ മാത്രമാണ് ബിസിസിഐ കേട്ടത്. അതിനുള്ള പരിഹാരമാണോ ഇന്ത്യ എ ടീമിലെ സഞ്ജുവിന്റെ ക്യാപ്റ്റൻ സ്ഥാനം എന്ന സംശയം പലർക്കുമുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൊക്കെയും ഇക്കാര്യം പലരും ചർച്ചചെയ്യുകയും ഉണ്ടായി. സഞ്ജു ആരാധകരുടെ പ്രതിഷേധം തണുപ്പിക്കാൻ ബിസിസിഐയുടെ അടവാണ് ഇവിടെ വ്യക്തമാക്കുന്നത് എന്നതടക്കമുള്ള ട്വീറ്റുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്.

   

സഞ്ജു ട്വന്റി20 ലോകകപ്പ് കളിക്കാൻ എല്ലാത്തരത്തിലും യോഗ്യനായിരുന്നു എന്ന അഭിപ്രായമാണ് ട്വിറ്റർ ഉപഭോക്താക്കൾക്കുള്ളത്. ട്വന്റി 20 ലോകകപ്പിൽ നിന്ന് ഒഴിവാക്കിയ ശേഷം ബിസിസിഐ സഞ്ജുവിന് നൽകിയ ലോലിപോപ്പാണോ ഇതൊന്നും ആരാധകർ ചോദിക്കുന്നു. എന്തായാലും ഇതിലൂടെ ജനരോക്ഷം ഇല്ലാതാക്കാനാവില്ല എന്നത് ഉറപ്പാണ്. തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിനിടയിൽപോലും പ്രതിഷേധം അണപൊട്ടിക്കാനൊരുങ്ങുകയാണ് ക്രിക്കറ്റ് ആരാധകർ.

   

സഞ്ജു സാംസണ് പുറമേ ഓപ്പണർ പൃഥ്വി ഷായുടെ മടങ്ങിവരവും ഇന്ത്യ എ ടീമിൽ കാണാനാവും. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു പ്രഥ്വി ഷാ. ഈ മാസം 22,25, 27 തീയതികളിലാണ് ഇന്ത്യ എ ടീമിന്റെ മത്സരങ്ങൾ നടക്കുക. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിലും അവസരം ലഭിക്കാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *