ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ 2021 സീസണ് ഇന്ന് കൊടിയേറുകയാണ്. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപിറ്റൽസ് ടീം ഗുജറാത്ത് ജയന്റ്സ് ടീമിനെയാണ് നേരിടുന്നത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം നടക്കുന്നത്. ഗൗതം ഗംഭീറാണ് ഇന്ത്യൻ ക്യാപിറ്റൽസ് ടീമിന്റെ നായകൻ. വിരേന്ദർ സേവാഗ് ഗുജറാത്ത് ജയൻസ് ടീമിനെയും നയിക്കും. ഇരുടീമുകളിലും ഒരുപാട് മുൻ വെടിക്കെട്ട് താരങ്ങൾ അണിനിരക്കുന്നതിനാൽ തന്നെ ഒരു വമ്പൻ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. നമുക്ക് ടീമുകളുടെ ഘടന പരിശോധിക്കാം.
മുൻപ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനെ നയിച്ചിട്ടുള്ള മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറാണ് ഇന്ത്യൻ ക്യാപിറ്റൽസിന്റെ നായകൻ. ഗംഭീറിന് പുറമെ അസ്ഗർ അഫ്ഗാനും, ജാക്ക് കാലിസും, രവി ബോപാരയുമൊക്കെ ടീമിലെ പ്രധാന കളിക്കാരാണ്. അതേപോലെതന്നെ ബോളിങ് നിരയിൽ ഓസ്ട്രേലിയൻ പേസർ മിച്ചൽ ജോൺസൺ, ഇംഗ്ലണ്ട് പേസർ ലിയാം പ്ലങ്കറ്റ്, മഷ്റഫെ മോർത്താസ എന്നിവർ ഇന്ത്യൻ ക്യാപിറ്റൽസിന്റെ തേര് തെളിക്കും. ദിനേശ് രാംദിനാണ് ഇന്ത്യൻ ക്യാപിറ്റൽസ് ടീമിന്റെ വിക്കറ്റ് കീപ്പർ.
മറുവശത്ത് വെടിക്കെട്ട് ബാറ്റർമാരുടെ ഒരു നീണ്ടനിര തന്നെയാണ് സേവാഗ് നയിക്കുന്ന ഗുജറാത്ത് ജയൻസിൽ. വീരേന്ദർ സെവാഗിനൊപ്പം വിൻഡിസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയിലാവും ഓപ്പണിങ് ഇറങ്ങുക. പിന്നാലെ ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റർ റിച്ചാർഡ് ലെവി, അയർലൻഡ് ബാറ്റർ കെവിൻ ഒബ്രയാൻ, പാർഥിവ് പട്ടേൽ എന്നിവർ ബാറ്റിംഗിൽ അണിനിരക്കും. ഗ്രേയിം സ്വാനും അജന്ത മെൻഡിസും വെട്ടോറിയുമടങ്ങുന്ന സ്പിൻ നിരയും ഗുജറാത്തിന്റെ ശക്തിയാണ്.
ഇരുടീമുകളുടെയും താരതമ്യം ചെയ്യുമ്പോൾ പേപ്പറിൽ വലിയ ടീം ഗുജറാത്ത് തന്നെയാണ്. സെവാഗിനെയും ഗെയിലിനെയും പിടിച്ചുകെട്ടാൻ ഗംഭീർ എന്തു തന്ത്രമാവും പ്രയോഗിക്കുക എന്നത് കണ്ടറിയേണ്ടത് തന്നെയാണ്. വൈകിട്ട് 7 30നാണ് മത്സരം നടക്കുക. സ്റ്റാർ സ്പോർട്ട്സ് നെറ്റ്വർക്കിലും, ഡിസ്‌നി+ഹോട്ട്സ്റ്റാറിലും, ഫാൻകോഡിലും മത്സരം കാണാവുന്നതാണ്.