റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇന്ന് തീപാറുന്ന മത്സരം. വിൻഡിസ് ലെജൻസും ഇന്ത്യൻ ലെജൻസും തമ്മിലാണ് മത്സരം നടക്കുക. സച്ചിൻ ടെണ്ടുൽക്കർ നയിക്കുന്ന ഇന്ത്യൻ ലെജൻസ് ടീം ബ്രയാൻ ലാറ നയിക്കുന്ന വിൻഡിസ് ടീമുമായി ഏറ്റുമുട്ടുമ്പോൾ മത്സരത്തിൽ തീപാറുമെന്ന് ഉറപ്പാണ്. കാൺപൂരിലാണ് മത്സരം നടക്കുക. ആദ്യ മത്സരത്തിൽ എതിർ ടീമുകളെ അനായാസം തൂത്തെറിഞ്ഞാണ് ഇരുടീമുകളും ഈ മത്സരത്തിലേക്ക് വരുന്നത്.
ദക്ഷിണാഫ്രിക്കൻ ലെജൻഡ് ടീമിനെയായിരുന്നു ഇന്ത്യൻ ടീം തങ്ങളുടെ ആദ്യ മത്സരത്തിൽ തൂത്തെറിഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്റ്റുവർട്ട് ബിന്നിയുടെ(82) മികച്ച ബാറ്റിങ് മികവിൽ 217 റൺസാണ് നിശ്ചിത 20 ഓവറിൽ നേടിയത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്കെതിരെ ശക്തമായ ബാറ്റിംഗ് നയിക്കാൻ ദക്ഷിണാഫ്രിക്കൻ ലെജൻഡ്സ് ടീമിനായില്ല. മത്സരത്തിൽ 156 റൺസിൽ ദക്ഷിണാഫ്രിക്ക ഒതുങ്ങുകയും 61 റൺസിന് ഇന്ത്യ വിജയം കാണുകയും ചെയ്തിരുന്നു.
ബംഗ്ലാദേശിനെതിരെയായിരുന്നു വിൻഡിസിന്റെ ആദ്യ മത്സരം നടന്നത്. വളരെ അനായാസമായിരുന്നു വിൻഡീസ് ബംഗ്ലാദേശിന് മറികടന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ വിൻഡീസ് വെറും 98 റൺസിന് ഒതുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ വിൻഡിസ് ക്യാപ്റ്റനായിരുന്ന ഡ്വേയ്ൻ സ്മിത്ത് അർദ്ധശതകം നേടിയതോടെ വിൻഡീസിന് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. 16ആം ഓവറിൽ വിൻഡിസ് വിജയം കാണുകയും ചെയ്തു.
ഇരുടീമുകളും വലിയ വിജയത്തോടെ തങ്ങളുടെ രണ്ടാം മത്സരത്തിലേക്ക് എത്തുമ്പോൾ മത്സരം കടുക്കും എന്നതുറപ്പാണ്. ഇന്ത്യയ്ക്കായി ആദ്യ മത്സരത്തിൽ സുരേഷ് റെയ്നയും നമൻ ഓജയുമൊക്കെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. അതിന്റെ ആത്മവിശ്വാസത്തിലാണ് സച്ചന്റെ പട ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നത്. വൈകിട്ട് 7 30നാണ് മത്സരം നടക്കുക.