ഏഷ്യകപ്പിലേക്ക് വരുമ്പോൾ ഏറ്റവുമധികം വിജയസാധ്യത കുറഞ്ഞ ടീമായിരുന്നു ശ്രീലങ്ക. തങ്ങളുടെ രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങൾ ശ്രീലങ്കൻ ക്രിക്കറ്റിനെയും ഒരു പരിധിവരെ ബാധിച്ചിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളുടെ ആദ്യമത്സരത്തിൽ ദയനീയമായി പരാജയപ്പെട്ടതോടെ ശ്രീലങ്കൻ ടീമിനെ പലരും എഴുതിത്തള്ളുകയുമുണ്ടായി. എന്നാൽ ഇതിനെല്ലാം മറുപടികൊടുത്ത് ഏഷ്യാകപ്പ് കിരീടം ചൂടിയിരിക്കുകയാണ് ശ്രീലങ്ക ഇപ്പോൾ. ഫൈനലിൽ പാക്കിസ്ഥാനെ 23 റൺസിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക മത്സരത്തിൽ വിജയം കണ്ടത്. ഇത് ആറാം തവണയാണ് ശ്രീലങ്ക ഏഷ്യാകപ്പ് ജേതാക്കളാകുന്നത്.
മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിവയ്ക്കുന്ന രീതിയിലാണ് പാക്ക് സീമറായ നസീം ഷാ ആരംഭിച്ചത്. ശ്രീലങ്കയുടെ നെടുംതൂണായ കുശാൽ മെൻഡിസിനെ ഷാ ആദ്യമേ പൂജ്യനായി മടക്കി. പിന്നാലെ നിസ്സംഗയും ഗുണതിലകയും മടങ്ങിയതോടെ മത്സരം പാകിസ്ഥാന്റെ വരുതിയിലായി. എന്നാൽ ഹസരങ്കയും(36) രജപക്ഷയും ചേർന്ന് ശ്രീലങ്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചു.
45 പന്തുകളിൽ ആറ് ബൗണ്ടറികളുടെയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടെ 71 റൺസായിരുന്നു രജപക്ഷ നേടിയത്. ഈ മികവിൽ നിശ്ചിത 20 ഓവറിൽ 170 റൺസാണ് ശ്രീലങ്ക അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിൽ പാകിസ്ഥാൻ വിക്കറ്റുകൾ നിരന്തരം വീഴ്ത്തിയത് ശ്രീലങ്കയ്ക്ക് ഗുണം ചെയ്തു. പതിവുപോലെ റിസ്വാൻ (55) ഒരു വശത്ത് ഉറച്ചു നിന്നപ്പോൾ മറുവശത്ത് വിക്കറ്റുകൾ വീണുതുടങ്ങി. നിർണായക സമയങ്ങളിൽ കൃത്യമായി സ്കോർ ഉയർത്താൻ റിസ്വാന് സാധിക്കാതെ വന്നതോടെ പാകിസ്ഥാൻ വീണു.
ക്യാച്ചെടുക്കുന്ന കാര്യത്തിൽ മികച്ച പ്രകടനമായിരുന്നു ശ്രീലങ്കൻ കളിക്കാർ നടത്തിയത്. അങ്ങനെ പാക്കിസ്ഥാൻ ഇന്നിങ്സ് 147 റൺസിൽ അവസാനിച്ചു. ടൂർണമെന്റിന്റെ ഒരു പോയിന്റിലും ഫേവറേറ്റ് ടീമുകളുടെ ലിസ്റ്റിലായിരുന്നില്ല ശ്രീലങ്ക. എല്ലാവരും പ്രതീക്ഷിച്ചത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനലായിരുന്നു. എന്നാൽ ചരിത്രം മാറ്റികുറിച്ച് ശ്രീലങ്ക ആറാം തവണയാണ് ഏഷ്യാകപ്പ് കിരീടം ഉയർത്തിയത്. അഭിനന്ദനങ്ങൾ ശ്രീലങ്ക.