ഏഷ്യാകപ്പിലും പതിവുപോലെ ആക്രമണോത്സുകമായ ബാറ്റിംഗ് മനോഭാവമായിരുന്നു ഇന്ത്യൻ ടീം പുറത്തെടുത്തത്. എന്നാൽ സൂപ്പർ4ലെ രണ്ടു മത്സരങ്ങളിലും ഇന്ത്യയുടെ ഈ തന്ത്രം തകരുന്ന കാഴ്ചയും കാണുകയുണ്ടായി. ഇന്ത്യൻ ടീമിലെ എല്ലാ ബാറ്റർമാരും ഈ രീതിയിൽ കളിക്കുന്നതിനെ പ്രതികൂലിച്ച പല മുൻ ക്രിക്കറ്റർമാരും രംഗത്ത് വരികയുണ്ടായി. ഇപ്പോൾ വിരാട് കോഹ്ലി ഇത്തരം ആക്രമണോത്സുക മനോഭാവം കാണിക്കേണ്ട ആവശ്യമില്ല എന്നാണ് മുൻ ഇന്ത്യൻ താരം സാബാ കരീം പറഞ്ഞുവയ്ക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ വിരാട് കോഹ്ലി ഇത്തരം ആക്രമണോത്സുക സമീപനം പുറത്തെടുത്തിരുന്നു. എന്നാൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കുന്നതാണ് കോഹ്ലിയ്ക്ക് ഉത്തമം എന്നാണ് സാബാ കരിം പറയുന്നത്. ഇതിന് ഉദാഹരണമായി കരീം കാണിക്കുന്നത് അഫ്ഗാനിസ്ഥാനെതിരായ കോഹ്ലിയുടെ സെഞ്ച്വറിയാണ്. “ആദ്യം കുറച്ചു ബോളുകളിൽ ശാന്തമായി കളിച്ചാലും പിന്നീട് പെട്ടെന്ന് സ്കോറിംഗ് വേഗത ഉയർത്താൻ സാധിക്കുന്ന ബാറ്ററാണ് വിരാട് കോഹ്ലി.
അതിനാൽതന്നെ മറ്റു ബാറ്റർമാർ കോഹ്ലിയുടെ സമീപനം കൂടി കണക്കിലെടുത്ത് കളിക്കുന്നതാണ് ഉത്തമം. നമുക്ക് പലപ്പോഴും വേണ്ടത് സാഹചര്യത്തിനനുസൃതമായി കളിക്കാനും, ഇന്നിങ്സ് നിയന്ത്രണത്തിലാക്കാനും സാധിക്കുന്ന ബാറ്റർമാരെയാണ്. ആ രീതിയിൽ കളിക്കുമ്പോൾ കോഹ്ലി വളരെ പരിചയ സമ്പന്നനാണ്.”- കരീം പറയുന്നു. കൂടാതെ ട്വന്റി20 ലോകകപ്പിലേക്ക് പോകുന്നതിനുമുമ്പ് ഇന്ത്യയുടെ സാഹചര്യത്തെകുറിച്ചും കരീം പറയുന്നുണ്ട്. “ഏഷ്യാകപ്പിന് മുമ്പ് നമ്മൾ മികച്ച രീതിയിലാണ് കളിച്ചിരുന്നത്. ഇപ്പോഴും കുറച്ചു തെറ്റുകൾ പരിഹരിച്ചാൽ ഇന്ത്യ മികച്ച ടീം തന്നെയാണ്.
കോഹ്ലി ടോപ് ഓർഡറിൽ എവിടെ ബാറ്റ് ചെയ്യുന്നു എന്ന് നോക്കേണ്ട. എവിടെ ബാറ്റ് ചെയ്താലും അയാൾ എതിർ ടീമിന് ഭീഷണിയാണ്.” – കരീം കൂട്ടിച്ചേർക്കുന്നു. അതുപോലെതന്നെ ട്വന്റി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീം എടുക്കേണ്ട മുൻകരുതലുകളെപറ്റിയും കരീം വാചാലനായി. ഇന്ത്യ ഹർദിക്കിനെയും രോഹിത്തിനെയും പോലുള്ള കളിക്കാരും ലോകകപ്പ് എങ്ങനെയും സംരക്ഷിക്കണമെന്നാണ് സാബാ കരീമിന്റെ അഭിപ്രായം. എന്തായാലും ട്വന്റി20 ലോകകപ്പിന് മുമ്പ് വലിയ തയ്യാറെടുപ്പുകളിൽ തന്നെയാണ് ഇന്ത്യ.