ഇരുന്നടി, നിന്നടി, കിടന്നടി!! ഇയാളെന്താ സിക്സെർ അടിക്കുന്ന മെഷീനോ

   

ക്രിക്കറ്റിൽ ഒരു ടീമിനെയും ചെറുതായി കാണാനാവില്ല. അതിനുള്ള ഉദാഹരണമായിരുന്നു ഇന്ത്യയുടെ ഹോങ്കോങ്ങിനെതിരായ മത്സരം. പൊതുവേ കുഞ്ഞൻ ടീമായി അറിയപ്പെടുന്ന ഹോങ്കോങ്ങ്, ഇന്ത്യൻ ടീമിനോട്‌ മികച്ച രീതിയിൽ കിടപിടിക്കുന്നത് മത്സരത്തിൽ കണ്ടു. ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റർമാർ ഹോങ്കോങ്ങിനെ അടിച്ചുതൂക്കുന്നതിൽ പരാജയപ്പെട്ടു. എന്നാൽ സൂര്യകുമാർ യാദവിന്റെ ക്രീസിലോട്ടുള്ള വരവോടെ കളി ഇന്ത്യയുടെ വരുത്തിയിലാവുകയായിരുന്നു.

   

മത്സരത്തിൽ ഇന്ത്യയുടെ നാലാമനായിറങ്ങിയ സൂര്യകുമാർ യാദവ് 26 പന്തുകളിൽ ആറ് സിക്സറുകളുടെയും ആറ് ബൗണ്ടറികളുടെയും അകമ്പടിയോടെ 68 റൺസാണ് നേടിയത്. 261.5 ആയിരുന്നു സൂര്യകുമാറിന്റെ സ്ട്രൈക്ക്റേറ്റ്. ഇതോടൊപ്പം മത്സരത്തിൽ ഇന്ത്യയ്ക്കായി മൂന്നാം വിക്കറ്റിൽ വിരാട് കോഹ്‌ലിക്കൊപ്പം ചേർന്ന് 98 റൺസിന്റെ പാർട്ണർഷിപ്പാണ് സൂര്യ കെട്ടിപ്പൊക്കിയത്. സൂര്യകുമാറിന്റെ ഈ മികച്ച പ്രകടനത്തിന്റെ മികവിലായിരുന്നു 192 എന്ന മികച്ച സ്കോറിൽ ഇന്ത്യ എത്തിയത്.

   

ട്വിറ്റെറിലടക്കം പലരും സൂര്യകുമാറിനെ എബി ഡിവില്ലിയേഴ്‌സിനോടാണ് ഉപമിച്ചത്. സൂര്യയുടെ 360 ഡിഗ്രി ഷോട്ടുകൾക്ക്‌ സാമൂഹ്യമാധ്യമങ്ങളിൽ വലിയ പ്രശംസ ലഭിക്കുകയുണ്ടായി. ട്വന്റി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താൻ സൂര്യകുമാർ യാദവിന് അനായാസമാണെന്നും പലരും പറയുന്നു. കൂടാതെ മത്സരത്തിന്റെ 20ആം ഓവറിൽ വിവിധ ദിശകളിലേക്ക് സൂര്യകുമാർ നേടിയ നാലു സിക്സറുകളും പലരെയും അത്ഭുതപ്പെടുത്തി.

   

മത്സരത്തിൽ 193 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോങ്ങിന്റെ തുടക്കം തരക്കേടില്ലാത്തതായിരുന്നു. എന്നാൽ ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ട ശേഷം റൺസ് കൃത്യമായി കണ്ടെത്താൻ അവർക്കു സാധിച്ചില്ല. മെല്ലെപോക്ക് ഹോങ്കോങ്ങിന് വിനയായി. മത്സരത്തിന്റെ ഒരു സമയത്ത് പോലും ഇന്ത്യയെ മറികടക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. എന്നിരുന്നാലും എല്ലാവരും പ്രതീക്ഷിച്ചതിലും അപ്പുറമുള്ള പ്രകടനമായിരുന്നു മത്സരത്തിൽ ഹോങ്കോങ് പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *