വർഷം 1971. ഇന്ത്യൻ ക്രിക്കറ്റിന്റെ വ്യത്യസ്തമായൊരു കാലം. അധികം ശരീരപ്രകൃതി ഒന്നുംതന്നെയില്ലാത്ത ഒരു 22 കാരൻ ഇന്ത്യയ്ക്കായി അന്ന് കളിക്കാനിറങ്ങി. ആ പയ്യന്റെ മത്സരബുദ്ധിയും കൂർമതയുള്ള ഷോട്ടുകളും അവനെ ഒരു മാസ്റ്റർ ബാറ്ററാക്കി പിന്നീട് മാറ്റി. ലോകം അവനെ ലിറ്റിൽ മാസ്റ്റർ എന്ന് വിളിച്ചുതുടങ്ങി. ഇന്ത്യയുടെ ആ ഓപ്പണിങ് ബാറ്ററുടെ പേരായിരുന്നു സുനിൽ ഗവാസ്കർ.
1949ൽ ബോംബെയിലായിരുന്നു സണ്ണിയെന്ന സുനിൽ ഗവാസ്കർ ജനിച്ചത്. ചെറുപ്പത്തിൽതന്നെ ക്രിക്കറ്റ് എന്ന കായികത്തോട് ഒടുങ്ങാത്ത ആഗ്രഹം സുനിൽ ഗവാസ്കറിന് ഉണ്ടായിരുന്നു. സ്കൂൾ ക്രിക്കറ്റിൽ തന്നെ ഒരുപാട് ഡബിൾ സെഞ്ച്വറികളടക്കം ആ ക്രിക്കറ്റർ നേടി. സ്കൂൾ ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾ സണ്ണിയെ ആഭ്യന്തരക്രിക്കറ്റിലേക്ക് ക്ഷണിച്ചു.1967 മുതൽ ബോംബെ ടീമിനായി കളിച്ച അയാൾ അങ്ങനെ 1971ൽ ഇന്ത്യൻ ടീമിലെത്തി.
1971ൽ വിൻഡീസിനെതിരെയായിരുന്നു സുനിൽ ഗവാസ്കറുടെ അരങ്ങേറ്റം. മത്സരത്തിൽ തരക്കേടില്ലാത്ത പ്രകടനം ഗവാസ്കർ കാഴ്ചവച്ചു. ശേഷം അടുത്ത മത്സരത്തിൽ തന്നെ അയാൾ തന്റെ കന്നിസെഞ്ച്വറി സ്വന്തമാക്കിയതോടെ ഇന്ത്യയുടെ രക്ഷകൻ ജനിക്കുകയായിരുന്നു. പിന്നീടയാളുടെ വളർച്ച വളരെ പെട്ടെന്നുതന്നെയായിരുന്നു. ആ പയ്യനിൽ നിന്ന് ലോകം കണ്ട ഏറ്റവും മികച്ച ഓപ്പണറായി മാറാൻ സുനിൽ ഗവാസ്ക്കറിന് വേണ്ടിവന്നത് കേവലം വിരളിലെണ്ണാവുന്ന മത്സരങ്ങൾ മാത്രമായിരുന്നു.
നീണ്ട പതിനാറു വർഷങ്ങൾ ഇന്ത്യക്കൊപ്പം സുനിൽ ഗവാസ്കർ സഞ്ചരിച്ചു.125 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 34 സെഞ്ചുറികളടക്കം 10122 റൺസാണ് ഗവാസ്കർ നേടിയത്. 51 റൺസായിരുന്നു ഗവാസ്കറുടെ ടെസ്റ്റ് കരിയർ ആവറേജ്. ഇതോടൊപ്പം 108 ഏകദിന മത്സരങ്ങളിൽ നിന്നായി 3092 റൺസും ഇന്ത്യയ്ക്കായി ഗവാസ്കർ നേടി. ഇന്ത്യയ്ക്ക് പുറമെ ബോംബെ ടീമിനായും സോമർസെറ്റ് ടീമിനായും ഗവാസ്കർ കളിച്ചിരുന്നു. എന്തായാലും ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റർ തന്നെയാണ് ഗവാസ്ക്കർ.