ഇന്ത്യൻ താരങ്ങളിൽ പലരും കൗണ്ടി ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ സമീപകാലത്ത് കാഴ്ചവയ്ക്കുകയുണ്ടായി. ഉമേഷ് യാദവും ചേതേശ്വർ പൂജാരയുമൊക്കെ കൗണ്ടി ക്രിക്കറ്റിൽ സമീപകാലത്ത് അങ്ങേയറ്റം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.ഇപ്പോൾ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കൗണ്ടി ക്രിക്കറ്റിലെ വാർവിക്ഷയർ ടീം. കഴിഞ്ഞ ദിവസം അവരുടെ സാമൂഹ്യമാധ്യമ അക്കൌണ്ടിലൂടെയാണ് ടീം ഇക്കാര്യം പുറത്തുവിട്ടത്.
” സിറാജ് ഞങ്ങളുടെ സ്ക്വാഡിന് പറ്റിയ കളിക്കാരനാണ്. ഞങ്ങൾ അദ്ദേഹത്തെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് സിറാജ്. അതോടൊപ്പം അദ്ദേഹത്തിന്റെ അറിവും പരിചയ സമ്പന്നതയും ടീമിന് ഗുണം ചെയ്യുകയും ചെയ്യും. ” വാർവിക്ഷയർ ഡയറക്ടർ പറഞ്ഞു.
2020ൽ ഓസ്ട്രേലിയൻ ടീമിനെതിരെയായിരുന്നു സിറാജ് തന്റെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചത്. അതിനുശേഷം സിറാജ് 13 ടെസ്റ്റ് മത്സരങ്ങൾ ഇന്ത്യക്കായി കളിച്ചു. ഇതിൽ നിന്ന് 40 വിക്കറ്റുകളാണ് സിറാജിന്റെ സമ്പാദ്യം . ഇതോടൊപ്പം 52 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 194 വിക്കറ്റുകളും സിറാജ് തന്റെ പേരിൽ ചേർത്തിട്ടുണ്ട്. നിലവിൽ ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബോളർമാരിൽ പ്രധാനി തന്നെയാണ് സിറാജ്.
കൗണ്ടി ക്രിക്കറ്റിൽ കളിക്കാൻ അവസരം ലഭിച്ചതിനോട് സിറാജ് ആഹ്ലാദകരമായി തന്നെയാണ് പ്രതികരിച്ചത്. തനിക്ക് അവസരം നൽകിയതിൽ വർവിക്ഷെയർ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിനോടും ബിസിസിഐയോടും സിറാജ് നന്ദി അറിയിച്ചു. കഴിഞ്ഞ സമയങ്ങളിൽ ഉമേഷ് യാദവ് കൗണ്ടി ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയത് വാർത്തയായിരുന്നു. എന്തായാലും സിറാജും തനിക്ക് കിട്ടിയ അവസരം കൗണ്ടി ക്രിക്കറ്റിൽ കൃത്യമായ രീതിയിൽ തന്നെ വിനിയോഗിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.