ഇന്ത്യൻ ടീമിനുള്ളിൽതന്നെ വലിയ മത്സരങ്ങളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഒരുപാട് ബാറ്റർമാരും ബോളർമാരും ലൈംലൈറ്റിലേക്ക് വന്നതോടെ പലരെയും ഒഴിവാക്കേണ്ട അവസ്ഥയിലാണ് സെലക്ഷൻ കമ്മിറ്റി. വിൻഡീസ് പര്യടനത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചിട്ടും സഞ്ജു സാംസണ് ഇന്ത്യയുടെ ഏഷ്യാകപ്പ് സ്ക്വാഡിൽ ഇടമില്ലാത്തത് ഇതിനുദാഹരണമാണ്. ഇപ്പോൾ ഇതിനെകുറിച്ച് പ്രതികരിച്ചിരിക്കുന്നത് മുൻ ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് കൈഫാണ്.
ഇന്ത്യയുടെ ഏഷ്യാകപ്പ് സ്‌ക്വാഡിൽ ദിനേശ് കാർത്തിക്കും റിഷാഭ് പന്തും വിക്കറ്റ് കീപ്പർമാരായി ഉള്ളതിനാൽ സഞ്ജു സാംസണ് ഒരു സ്ഥാനവുമില്ല എന്നാണ് കൈഫ് പറയുന്നത്. “നമുക്ക് സ്‌ക്വാഡിലേക്ക് എത്ര വിക്കറ്റ് കീപ്പർമാരെ എടുക്കാൻ സാധിക്കും. നമുക്ക് റിഷഭ് പന്തുണ്ട്,ദിനേശ് കാർത്തിക്കും ഉണ്ട്. അതാണ് സെലക്ടർമാരുടെ പ്രധാന പ്രശ്നവും. മുൻനിരയിൽ നമുക്ക് വിരാട് കോഹ്ലിയും, കെ എൽ രാഹുലും, രോഹിത് ശർമയുമുണ്ട്.
നാലാം നമ്പർ സൂര്യകുമാർ യാദവും അഞ്ചാം നമ്പറിൽ റിഷാഭ് പന്തും ആറാം നമ്പരിൽ പാണ്ട്യയുമുണ്ട്. പിന്നെ ദിനേശ് കാർത്തിക്കും. കാർത്തിക്കിന് ചാൻസ് കിട്ടുമോ എന്ന് സംശയമാണ്. എന്തായാലും ഇന്ത്യൻ ടീമിൽ വലിയൊരു മത്സരമാണ് ഇപ്പോൾ നടക്കുന്നത്. “- കൈഫ് പറയുന്നു. ഇതോടൊപ്പം ഏറ്റവും മികച്ച രീതിയിൽ കളിച്ചാൽ മാത്രമേ സഞ്ജു സാംസണ് ഇനിയും അവസരങ്ങൾ ലഭിക്കുവെന്നും കൈഫ് പറയുന്നു. “സഞ്ജു സാംസൺ നന്നായി കളിക്കേണ്ടിയിരിക്കുന്നു.
വിൻഡീസിനെതിരെയും അയാൾ നല്ല പ്രകടനങ്ങൾ കാഴ്ചവച്ചു. എന്നിരുന്നാലും കൂടുതൽ നന്നായി കളിച്ച് അയാൾ ഒരു പേര് ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.” കൈഫ് കൂട്ടിച്ചേർക്കുന്നു. വിൻഡീസിനെതിരായ പരമ്പരയിൽ താരതമ്യേന മികച്ച പ്രകടനമായിരുന്നു സഞ്ജു കാഴ്ചവച്ചത്. രണ്ടാം ഏകദിനത്തിൽ 54 റൺസും നാലാം ട്വന്റി20യിൽ നിർണായകമായ 30 റൺസും സഞ്ജു നേടിയിരുന്നു. എന്നിട്ടും സഞ്ജുവിന് ഏഷ്യകപ്പ് സ്‌ക്വാഡിൽ ഇടംപിടിക്കാനായില്ല.