ലോകക്രിക്കറ്റ് എന്നും പിന്തുടരുന്ന കുറച്ചുകാര്യങ്ങൾ ഉണ്ടായിരുന്നു. ഏകദിനമത്സരങ്ങളിൽ പതിയെക്കളിച്ചും ക്ലാസ്സ് ഷോട്ടുകൾ മാത്രം ഉപയോഗിച്ചും ലോകക്രിക്കറ്റ് മുന്നോട്ടു പോയിരുന്ന ഒരു കാലവും. ഗാംഗുലിയുടെ സമയത്ത് ഇന്ത്യൻ ക്രിക്കറ്റ് നടന്നുകയറിയ പടവുകൾക്ക് ശേഷം, ബാക്കിയെന്ത് എന്ന ചോദ്യം അവശേഷിച്ചിരുന്നു. അതിനുള്ള മറുപടിയെന്നോളം ഒട്ടും നാച്ചുറലല്ലാത്ത ഒരു റാഞ്ചിക്കാരൻ ഇന്ത്യൻ ടീമിലെത്തി. മുടി നീട്ടിവളർത്തിയ ആ ചെറുപ്പക്കാരൻ ഇന്ത്യയെ മാറോട് ചേർത്ത ഒരു കഥയാണ് ധോണിയുടേത്.
2004ൽ ഇന്ത്യൻ ടീമിനുവേണ്ടി ആദ്യ മത്സരം കളിച്ച റാഞ്ചിക്കാരൻ ശ്രദ്ധപിടിച്ചുപറ്റിയത് വളരെ പെട്ടെന്നായിരുന്നു. അതിനുള്ള പ്രധാന കാരണം അയാളുടെ ബാറ്റിംഗ് രീതിയും ഒരു ബോളറെയും പേടിയില്ലാത്ത മനോഭാവവും ഹെലികോപ്റ്റർ ഷോട്ടുപോലെയുള്ള റാംപ് ഷോട്ടുകളിൽ ഉണ്ടായിരുന്ന അഗ്രകണ്യത്വവുമായിരുന്നു. 2007ൽ പ്രാഥമിക ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് സച്ചിനടക്കമുള്ള കളിക്കാർ വിട്ടുനിന്നപ്പോൾ ധോണിയുടെ ഭാഗ്യരേഖ തെളിയുകയായിരുന്നു. ടീമിന്റെ ക്യാപ്റ്റനായി നിറഞ്ഞാടിയ ധോണി ആദ്യ ലോകകപ്പ് ഇന്ത്യൻ മണ്ണിലെത്തിച്ചു.
പിന്നീട് ഇന്ത്യൻ ടീം കണ്ടത് ധോണിയുടെ ഒരു തേരോട്ടമായിരുന്നു. 2007 മുതൽ 2017 വരെ ധോണി ഇന്ത്യയുടെ ഏകദിനക്യാപ്റ്റനായി. ഇതിനിടെ 2011ലെ ഏകദിനലോകകപ്പും 2013ലെ ചാമ്പ്യൻസ് ട്രോഫിയുമൊക്കെ ധോണി ഇന്ത്യൻ മണ്ണിലെത്തിച്ചു. 2008 മുതൽ 2014 വരെ ടെസ്റ്റ് ക്യാപ്റ്റനായും ധോണി പ്രവർത്തിച്ചു. അങ്ങനെ ഒരുപാട് നേട്ടങ്ങൾ.. ധോണി എന്ന പേര് ക്യാപ്റ്റൻ എന്ന അർത്ഥത്തിൽ കൂട്ടിവായിക്കാൻ തുടങ്ങിയതിന്റെ കാരണം ഈ നേട്ടങ്ങളായിരുന്നു.
ഇന്ത്യക്കു പുറമേ ബിഹാറിനായും ജാർഖണ്ഡിനായും ധോണി കളിച്ചു. ഐപിഎല്ലിൽ ചെന്നൈയുടെ എന്നത്തെയും ക്യാപ്റ്റനാണ് ധോണി. 5 തവണ ധോണി ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനെ വിജയകിരീടം ചൂടിച്ചു. കരിയറിൽ 90 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 4876 റൺസും, 350 ഏകദിനങ്ങളിൽ നിന്ന് 10773 റൺസും, 98 ട്വന്റി20കളിൽ നിന്ന് 1617 റൺസും ധോണി നേടിയിട്ടുണ്ട്. ധോണിയ്ക്ക് പകരംവയ്ക്കാൻ ലോകക്രിക്കറ്റിൽ തന്നെ മറ്റാരുമില്ല എന്നതാണ് വസ്തുത.