സയിദ് മുഷ്തഖ് അലി ട്രോഫിയിൽ ജമ്മു & കാശ്മീരിനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി കേരളം. സച്ചിൻ ബേബിയുടെയും സഞ്ജു സാംസന്റെയും മികച്ച ബാറ്റിംഗും കെ എം ആസിഫിന്റെയും ബേസിൽ തമ്പിയുടെയും തകർപ്പൻ ബോളിഗുമാണ് മത്സരത്തിൽ കേരളത്തെ വിജയത്തിൽ എത്തിച്ചത്. മത്സരത്തിൽ 62 റൺസിനാണ് കേരള ടീം വിജയം കണ്ടത്. മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ മികച്ച ഒരു തുടക്കമായിരുന്നില്ല കേരളത്തിന് ലഭിച്ചത്.
ഓപ്പണർ മുഹമ്മദ് അസറുദ്ദീനെ കേരളത്തിന് ആദ്യ ബോളിൽ തന്നെ നഷ്ടമായി. എന്നാൽ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു സാംസൺ നിലയുറച്ചു. സഞ്ജുവിനോപ്പം സച്ചിൻ ബേബി കൂടി കൂടിയതോടെ കേരളം സ്കോർ പതിയെ നീക്കി. ആദ്യ പത്ത് ഓവറുകളിൽ 62 റൺസ് മാത്രം നേടാനെ കേരളത്തിന് സാധിച്ചിരുന്നുള്ളൂ. എന്നാൽ അടുത്ത പത്ത് ഓവറുകളിൽ സച്ചിൻ ബേബിയുടെ ഒരു ആറാട്ടാണ് കണ്ടത്. മത്സരത്തിൽ 32 പന്തുകൾ നേരിട്ട സച്ചിൻ ബേബി 7 ബൗണ്ടറികളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെ 62 റൺസ് നേടി.
സഞ്ജു 61 റൺസാണ് മത്സരത്തിൽ നേടിയത്. അവസാന ഓവറുകളിൽ 11 പന്തിൽ 24 റൺസ് നേടിയ അബ്ദുൽ ബാസിതും അടിച്ചുതകർത്തതോടെ കേരളം 184 എന്ന സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിൽ റൺറേറ്റ് ഉയർത്താനാണ് ജമ്മു&കാശ്മീർ ശ്രമിച്ചത്. ഇതിനിടെ കേരളം കൃത്യമായ ഇടവേളയിൽ വിക്കറ്റുകൾ കണ്ടെത്തി. ഓപ്പണർ കജൂരിയ(30) മാത്രമാണ് ജമ്മു&കാശ്മീർ നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്.
കേരള ബോളർമാർ തങ്ങളുടെ ആധിപത്യം കൃത്യമായി സ്ഥാപിച്ച മത്സരത്തിൽ 122 റൺസിൽ ജമ്മു&കാശ്മീരിനെ ഓൾഔട്ടാവുകയായിരുന്നു. മത്സരത്തിൽ 62 റൺസിനാണ് കേരളം വിജയം കണ്ടത്. കേരളത്തിനായി ഫാസ്റ്റ് ബോളർ കെഎം ആസിഫും ബേസിൽ തമ്പിയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. വൈശാഖ് ചന്ദ്രൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഇരുവർക്കും മികച്ച പിന്തുണ നൽകി. എന്തായാലും കേരളത്തിന് വളരെയേറെ ആത്മവിശ്വാസം നൽകുന്നതാണ് ഈ വിജയം.