61 പന്തുകളിൽ 134 റൺസ് !! 13 ബൗണ്ടറികൾ 9 സിക്സറുകൾ! ഒരു പൃഥ്വി ഷാ സംഭവം

   

ഒരു സമയത്ത് ഇന്ത്യൻ ദേശീയ ടീമിന്റെ ഭാവിപ്രതീക്ഷ തന്നെയായിരുന്നു മുംബൈ ബാറ്റർ പൃഥ്വി ഷാ. എന്നാൽ പിന്നീട് ബാറ്റിംഗിലുള്ള ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം ഷാ ഇന്ത്യൻ ടീമിന് പുറത്തായി. ശേഷം ഇന്ത്യയുടെ ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ തന്നെയായിരുന്നു ഷാ കാഴ്ചവച്ചത്. അങ്ങനെ പൃഥ്വി ഷാ, ഇന്ത്യയുടെ എ ടീമും ന്യൂസിലാൻഡ് എ ടീമും തമ്മിലുള്ള മത്സരത്തിൽ ഇന്ത്യക്കായി കളിക്കുകയുണ്ടായി. പരമ്പരയിൽ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചിട്ടും ഷായ്ക്ക് ഇന്ത്യൻ സെലക്ടർമാർ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കാൻ അവസരം നൽകിയില്ല.

   

എന്നാൽ ഇതിനെല്ലാമുള്ള മറുപടി ഇന്ത്യയുടെ ആഭ്യന്തര ട്വന്റി20 ലീഗായ സൈദ് മുഷ്തഖലി ടൂർണമെന്റിൽ നൽകുകയാണ് പൃഥ്വി ഷാ. മുംബൈയുടെ ആസാമിനെതിരായ മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ സെഞ്ചുറിയാണ് പൃഥ്വി ഷാ ഇപ്പോൾ നേടിയിരിക്കുന്നത്. ആസാം ടീമിനെ മൈതാനത്തിന്റെ എല്ലാ ദിശയിലേക്കും അടിച്ചുതൂക്കി 61 പന്തുകളിൽ 134 റൺസാണ് പൃഥ്വി ഷാ മത്സരത്തിൽ നേടിയത്.

   

ഷായുടെ ഇന്നിംഗ്സിൽ 13 ബൗണ്ടറികളും 9 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. 219 ആയിരുന്നു പൃഥ്വി ഷായുടെ ഇന്നിംഗ്സിലെ സ്ട്രൈക്ക് റേറ്റ്. രാജ്കൊട്ടിൽ നടന്ന മത്സരത്തിൽ ഷായുടെ ഒരു അഴിഞ്ഞാട്ടം തന്നെയായിരുന്നു കണ്ടത്. ആസാം ബോളർമാരെ പലതവണ പൃഥ്വി ഷാ ആകാശം മുട്ടിച്ചു. ജെയ്സ്വാൾ(42) പൃഥ്വി ഷായ്ക്ക് മികച്ച ഒരു പിന്തുണ നൽകിയതോടെ മുംബൈയുടെ സ്കോർ കുതിച്ചു.

   

ഷായുടെ ഈ വെടിക്കെട്ടിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 230 റൺസാണ് മുംബൈ നേടിയത്. മത്സരത്തിൽ ടോസ് നേടിയ ആസാം ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആഭ്യന്തര മത്സരങ്ങളിൽ ഇത്തരം സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും പൃഥ്വി ഷായെ ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്നത് വിമർശനങ്ങൾ ഉണ്ടാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *