ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ മികച്ച ബോളിംഗ് പ്രകടനമാണ് സ്പിന്നർ കുൽദീപ് യാദവ് കാഴ്ചവെച്ചത്. തന്റെ വേരിയേഷൻ കൊണ്ട് ബംഗ്ലാദേശ് ബാറ്റർമാരെ പൂർണമായും തകർക്കാൻ കുൽദീപിന് സാധിച്ചു. വലിയൊരു ഇടവേളക്ക് ശേഷമാണ് കുൽദീപ് ഇന്ത്യക്കായി ടെസ്റ്റ് കളിക്കുന്നത്. ഇന്ത്യ 2022 ലോകകപ്പ് സ്‌ക്വാഡിൽ കുൽദീപിനെ ഉൾപ്പെടുത്തേണ്ടതായിരുന്നു എന്നാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ പറയുന്നത്.
“കുൽദീപ് യാദവ് ഇത്തരത്തിൽ ബോൾ ചെയ്യുന്നത് കാണുമ്പോൾ ആവേശമാണ് ഉണ്ടാവുന്നത്. ഞാൻ നേരത്തെ പറഞ്ഞിരുന്നു, കുൽദീപിനെ ഇന്ത്യ ട്വന്റി20 ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കേണ്ടിയിരുന്നു. അയാൾ ലോകകപ്പിൽ കളിക്കാതിരുന്നത് നിർഭാഗ്യം തന്നെയാണ്. ഐപിഎല്ലിൽ അയാൾ ബോൾ ചെയ്ത രീതി വെച്ച് ലോകകപ്പിൽ തീർച്ചയായും സ്ഥാനം അർഹിച്ചിരുന്നു. എന്നിരുന്നാലും ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ അടുത്ത പരമ്പരയിൽ വലിയ റോൾ തന്നെയാണ് കുൽദീപിനുള്ളത്.”- ജാഫർ പറയുന്നു.
ഒപ്പം ഐപിഎൽ കുൽദീപിനെ സഹായിച്ചിട്ടുണ്ടെന്നും ജാഫർ പറഞ്ഞു. “ഇന്ത്യൻ ബോളിംഗ് നിരയിൽ കുൽദീപ് വ്യത്യസ്തത കൊണ്ടുവന്നിട്ടുണ്ട് ഐപിഎല്ലിലും അയാൾക്ക് നല്ല നിയന്ത്രണം ഉണ്ടായിരുന്നു. മുൻനിര ബാറ്റർമാർക്കെതിരെ അവിടെ അയാൾ നന്നായി ബോൾ ചെയ്തു. അതിൽ നിന്നാണ് അയാൾക്ക് കൂടുതൽ ആത്മവിശ്വാസം ലഭിച്ചത്.”- ജാഫർ കൂട്ടിച്ചേർക്കുന്നു.
“ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിലേക്ക് വന്നതിനുശേഷമാണ് കുൽദീപിന് ഒരുപാട് അവസരങ്ങൾ ലഭിച്ചത്. അങ്ങനെ അയാൾക്ക് ആത്മവിശ്വാസം വന്നു. ഇന്ത്യൻ നിരയിൽ കുൽദീപ് സ്ഥാനം അർഹിക്കുന്നുണ്ട്, പ്രത്യേകിച്ച് ഇന്ത്യൻ കണ്ടീഷനിൽ.”- ജാഫർ പറഞ്ഞു വയ്ക്കുന്നു.