ഇന്ത്യയുടെ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും സ്ഥിരതയാർന്ന ബാറ്റിംഗപ്രകടനങ്ങൾ കാഴ്ചവെക്കുന്ന ബാറ്ററാണ് സൂര്യകുമാർ യാദവ്. തന്റെ ഏറ്റവും മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന സൂര്യ ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പിലെ വലിയൊരു പ്രതീക്ഷ കൂടിയാണ്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ സന്നാഹമത്സരത്തിലും അർത്ഥസെഞ്ച്വറി നേടിയ സൂര്യ തന്റെ മികച്ച ഫോം വീണ്ടും ആവർത്തിച്ചിരുന്നു. സൂര്യകുമാർ യാദവ് കാർത്തിക്കിനെയും കോഹ്ലിയെയും പോലെയുള്ള ബാറ്റർമാരിൽ നിന്ന് ഒരുപാട് വ്യത്യസ്തനാണ് എന്നാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
സൂര്യകുമാർ യാദവിന്റെ ഷോട്ടുകളുടെ റേഞ്ചിനെയാണ് ഗംഭീർ അഭിനന്ദിക്കുന്നത്. “വിരാട് കോഹ്ലിയിൽ നിന്നും ദിനേഷ് കാർത്തിക്കിൽ നിന്നും ഒരുപാട് വ്യത്യസ്തനാണ് സൂര്യകുമാർ യാദവ്. അയാളുടെ ഹിറ്റിംഗ് കഴിവുകളും, കൃത്യമായി ഗ്യാപ്പുകൾ കണ്ടെത്താനുള്ള മിടുക്കും, ബോളിന്റെ പേസ് നന്നായി ഉപയോഗിക്കാനുള്ള കഴിവും സൂര്യയെ വ്യത്യസ്തനാക്കുന്നു. അതിനാൽതന്നെ ഫൈൻ ലെഗിലൂടെയും തേഡ് മാനിലൂടെയും ഷോട്ടുകൾ അനായാസം കളിക്കാൻ സൂര്യയ്ക്ക് സാധിക്കും. സൂര്യകുമാർ ഒരു 360 ഡിഗ്രി കളിക്കാരനാണ്.”- ഗംഭീർ പറയുന്നു.
“ദിനേഷ് കാർത്തിക്കിനെ പറ്റി പറയുകയാണെങ്കിൽ അയാൾ ഒരുപാട് ന്യൂതന ഷോട്ടുകൾക്ക് ശ്രമിക്കാറുണ്ട്. അതിന്റെ ആവശ്യമില്ല. വിരാട് കോഹ്ലി ക്രീസിൽ കുറച്ച് സമയം കണ്ടെത്തിയശേഷമാണ് വമ്പനടികൾ നടത്തുക. എന്നാൽ സൂര്യകുമാറിനെ സംബന്ധിച്ച്, അയാളുടെ ഇപ്പോഴത്തെ ഫോം നോക്കിയാൽ ഇന്ത്യയുടെ ലൈനപ്പിലുള്ള മറ്റാരുമായി താരതമ്യം ചെയ്യാനാവില്ല.”-ഗംഭീർ കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം സൂര്യകുമാർ ഈ ഫോം ലോകകപ്പിൽ തുടരേണ്ടത് അത്യാവശ്യമാണെന്നും ഗംഭീർ പറയുന്നു. സന്നാഹമത്സരങ്ങൾ പോലും സൂര്യകുമാർ ലളിതമായല്ല കാണുന്നതെന്നും ഇത് അയാൾക്ക് ഗുണം ചെയ്യുമെന്നും ഗംഭീർ പറഞ്ഞു. നാളെയാണ് ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ രണ്ടാം സന്നഹമത്സരം.