ഇന്ത്യയുടെ ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി20യിൽ കാണാനായത് ശിവം മാവി എന്ന അരങ്ങേറ്റക്കാരന്റെ ഒരുഗ്രൻ വിളയാട്ടം തന്നെയായിരുന്നു. 163 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയുടെ മുൻനിരയെ വിറപ്പിക്കുന്നതിൽ ശിവം മാവി ഒരു പ്രത്യേക പങ്കുവഹിച്ചു. തന്റെ ആദ്യ ഓവറിൽ തന്നെ പത്തും നിസ്സംഗയുടെ(1) കുറ്റിതെറിപ്പിച്ച മാവിയിൽ ഒരു അരങ്ങേറ്റക്കാരന്റെ പതർച്ച ഉണ്ടായിരുന്നില്ല. മത്സരത്തിൽ നിശ്ചിത നാലോകളിൽ 22 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റുകളാണ് ശിവം മാവി വീഴ്ത്തിയത്.
ഈ പ്രകടനത്തോടെ ഇന്ത്യക്കായി ട്വന്റി20യിൽ അരങ്ങേറ്റമത്സരത്തിൽ ഏറ്റവും മികച്ച ബോളിങ് കാഴ്ചവച്ച ക്രിക്കറ്റർമാരുടെ ലിസ്റ്റിൽ മൂന്നാമതെത്തിയിട്ടുണ്ട് ശിവം മാവി. തന്റെ പ്രകടനത്തെപ്പറ്റി മാവി മത്സരശേഷം സംസാരിക്കുകയുണ്ടായി. “അണ്ടർ 19 കഴിഞ്ഞതിനുശേഷം ആറുവർഷമായി ഞാൻ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. ഈ ആറുവർഷം വളരെയധികം കഠിനപ്രയത്നങ്ങൾ ഞാൻ നടത്തി. ചില സമയങ്ങളിൽ പരിക്കുംപറ്റി. കുറച്ചധികം കാലമായി ഇന്ത്യൻ ടീമിൽ കളിക്കുക എന്ന് എന്റെ സ്വപ്നം, അങ്ങനെ സ്വപ്നമായി തന്നെ നിൽക്കുമോ എന്ന് പോലും തോന്നി.”- മാവി പറയുന്നു.
“പക്ഷേ എനിക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചു. ഐപിഎല്ലിൽ മതിയായ മത്സരങ്ങൾ കളിച്ചതിനാൽ തന്നെ എനിക്ക് പരിഭ്രമം വളരെ കുറവായിരുന്നു. പവർപ്ലെയിൽ അവരെ ആക്രമിക്കാനും പുറത്താക്കാനും തന്നെയാണ് ഞാൻ ശ്രമിച്ചത്. ആദ്യ വിക്കറ്റായി നിസ്സംഗയുടെ കുറ്റിതെറിപ്പിച്ചത് തന്നെയാണ് മത്സരത്തിലെ എന്റെ പ്രിയപ്പെട്ട പുറത്താക്കൽ.”- മാവി കൂട്ടിച്ചേർക്കുന്നു.
മത്സരത്തിൽ രണ്ട് റൺസിനാണ് ഇന്ത്യ വിജയം കണ്ടത്. ഇതോടെ ഇന്ത്യയുടെ 2023ലെ ക്യാമ്പയിന് മികച്ച തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഒപ്പം പരമ്പരയിൽ ഇന്ത്യ 1-0നു മുമ്പിൽ എത്തിയിട്ടുണ്ട്. വ്യാഴാഴ്ച പൂനെയിലാണ് ഇന്ത്യയുടെ ശ്രീലങ്കക്കെതിരായ രണ്ടാം മത്സരം നടക്കുന്നത്.