2011ലായിരുന്നു ഇന്ത്യ അവസാനമായി ഒരു ലോകകപ്പ് നേടിയത്. ശേഷം 2013ൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയും നേടി. എന്നാൽ അതിന് ശേഷം 9 വർഷങ്ങളായിട്ടും മറ്റൊരു ഐസിസി ടൂർണമെന്റിൽ ജേതാക്കളാവാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. പലപ്പോഴും ഇത്തരം ടൂർണമെന്റുകളിൽ വലിയ മത്സരങ്ങളിലേക്ക് വരുമ്പോൾ ഇന്ത്യ അടിയറവ് പറയുന്നതാണ് കാണുന്നത്. എന്നാൽ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കാനാണ് ഇന്ത്യ-ഓസ്ട്രേലിയയിലേക്ക് എത്തിയിരിക്കുന്നത്. വലിയ ഐസിസി ടൂർണമെന്റുകളിൽ കിരീടം നേടാനാവാത്തതിന്റെ വെല്ലുവിളികളെ കുറിച്ചാണ് രോഹിത് ശർമ്മ ഇപ്പോൾ സംസാരിക്കുന്നത്.
കഴിഞ്ഞ ഐസിസി ടൂർണമെന്റുകളിൽ ജേതാക്കളാവാൻ സാധിക്കാത്തത് സമ്മർദ്ദം ഉണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് രോഹിത് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. “സമ്മർദ്ദം എന്ന് ഞാൻ ഒരിക്കലും പറയില്ല. എന്നാൽ ഐസിസി ടൂർണമെന്റുകളിൽ ജേതാക്കളാവാത്തത് ഞങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. കുറച്ചധികം നാളുകളായി ഐസിസി ടൂർണമെന്റുകളിലെ ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതല്ല. പ്രത്യേകിച്ച് വലിയ മത്സരങ്ങളിൽ. പക്ഷേ ഞങ്ങളെ സംബന്ധിച്ച്, ലഭിക്കുന്ന ഇത്തരം അവസരങ്ങൾ നന്നായി ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്. അതുകൊണ്ട് കൃത്യമായ കണക്കുകൂട്ടലുകളോടെ ലക്ഷ്യത്തിലേക്ക് നീങ്ങുക എന്നതാണ് ഉത്തമമായ മാർഗം.”- രോഹിത് പറഞ്ഞു.
“ഞങ്ങൾ ഐസിസി ട്രോഫി നേടിയിട്ട് 9 വർഷമാകുന്നു. 2013ലായിരുന്നു അവസാനത്തേത്. ഇത്തവണ ഞങ്ങൾക്ക് ഒരുപാട് പ്രതീക്ഷയുണ്ട്. കഴിഞ്ഞതവണ ഉണ്ടായ നിരാശ ഇല്ലാതാക്കാൻ ലഭിച്ച അവസരമായി ഞങ്ങൾ ഈ ടൂർണമെന്റിനെ കാണുന്നു. ഇത്തവണ ഒരു മാറ്റം ഉണ്ടാകുമെന്ന് കരുതുന്നു.”- രോഹിത് കൂട്ടിച്ചേർത്തു.
2013ൽ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നിരയായിരുന്നു അവസാനമായി ഇന്ത്യയിലേക്ക് ഒരു ഐസിസി ട്രോഫി എത്തിച്ചത്. 2007 ലാണ് ഇന്ത്യ അവസാനമായി ട്വന്റി20 ലോകകപ്പ് നേടുന്നത്. 2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് ധോണിയുടെ നേതൃത്വത്തിൽ സ്വന്തമാക്കിയിരുന്നു.