2022 ലോകകപ്പിലേക്ക് വളരെ പ്രതീക്ഷയോടെ തന്നെയാണ് ഇന്ത്യൻ ടീം പോകുന്നത്. ബാറ്റിങ്ങിലും ഫീൽഡിങ്ങിലും മികച്ച പ്രകടനങ്ങളോടെ ലോകകപ്പിലേക്ക് പ്രവേശിക്കുന്ന ഇന്ത്യൻ ടീമിന് ആശങ്കയാവുന്നത് ബോളിംഗ് മാത്രമാണ്. എന്നാൽ ആദ്യ സന്നഹമത്സരത്തിൽ മികച്ച ബോളിംഗ് പ്രകടനം നടത്തിയതോടെ ഈ ആശങ്കയും ഏകദേശം വിട്ടുമാറിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഇന്ത്യ ലോകകപ്പിന്റെ സെമിഫൈനലിലെത്താൻ സാധ്യത കുറവാണെന്നാണ് മുൻ ഇന്ത്യൻ താരം കപിൽ ദേവ് പറയുന്നത്. ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിൽ എത്താൻ ഇന്ത്യയ്ക്ക് 33 ശതമാനം സാധ്യതയേയുള്ളൂ എന്നാണ് കപിലിന്റെ പക്ഷം.
കഴിഞ്ഞ ലോകകപ്പിന് ശേഷം ട്വന്റി20 മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ ഇന്ത്യൻ കാഴ്ചവച്ചിരുന്നു. എന്നിട്ടും സാധ്യതകളുടെ ലിസ്റ്റിൽ ഇന്ത്യയുടെ പേര് പിന്നിലാണ് എന്ന് കപിൽ പറയുന്നു. “ട്വന്റി20 ക്രിക്കറ്റിൽ ഒരു മത്സരത്തിൽ വിജയിക്കുന്ന ടീം അടുത്ത മത്സരത്തിൽ പരാജയപ്പെട്ടേക്കാം. അതിനാൽതന്നെ സാധ്യതകളെപ്പറ്റി സംസാരിക്കുക പ്രയാസമാണ്. ഇന്ത്യ ലോകകപ്പിൽ വിജയിക്കുമോ എന്നത് പ്രവചിക്കാനേ സാധിക്കില്ല. എന്നാൽ ആദ്യ നാലിൽ എത്തുമോ എന്നത് ചോദ്യമാണ്.”- കപിൽ പറഞ്ഞു.
“ഇന്ത്യ ഈ ലോകകപ്പിൽ ആദ്യനാലിൽ എത്തുമോ എന്നതിൽ ആശങ്കയുണ്ട്. എത്തിയാൽ മാത്രമേ ബാക്കി കാര്യങ്ങൾ പറയാൻ സാധിക്കൂ. എന്നെ സംബന്ധിച്ച് ടോപ്പ് നാലിൽ എത്താൻ ഇന്ത്യയ്ക്ക് വെറും 30% ചാൻസ് മാത്രമേയുള്ളൂ.”- കപിൽ ദേവ് കൂട്ടിച്ചേർത്തു. ഓസ്ട്രേലിയയിൽ ലോകകപ്പിന് മുമ്പായി ഇന്ത്യ ഇതുവരെ മൂന്ന് പരിശീലന മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇതിൽ രണ്ടെണ്ണത്തിൽ വിജയം നേടിയപ്പോൾ ഒരെണ്ണത്തിൽ പരാജയപ്പെടുകയാണ് ഉണ്ടായത്.
ഇതോടൊപ്പം ടീമിൽ ഓൾറൗണ്ടർമാരുടെ പ്രാധാന്യത്തെക്കുറിച്ചും കപിൽ ദേവ് സംസാരിച്ചു. ലോകകപ്പിൽ എന്നല്ല എല്ലാ ട്വന്റി20 മത്സരങ്ങളിലും ടീമിൽ ഓൾറൗണ്ടർമാർ ഉണ്ടാവേണ്ടത് നിർബന്ധമാണ് എന്ന് കപിൽദേവ് പറയുന്നു. ഹാർദിക് പാണ്ട്യയേ പോലൊരു ഓൾറൗണ്ടർ ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ് എന്ന അഭിപ്രായവും കപിൽ ദേവിനുണ്ട്.