സൂപ്പർ 12ലെ അവസാന മൂന്നു മത്സരങ്ങളാണ് നാളെ നടക്കുന്നത്. ഇതുവരെ ഗ്രൂപ്പ് രണ്ടിൽ നിന്ന് ആരും സെമിഫൈനലിലേക്ക് യോഗ്യത നേടാത്തതിനാൽ തന്നെ നാളത്തെ മൂന്ന് മത്സരങ്ങളും വളരെ നിർണായകം തന്നെയാണ്. നാളെ ആദ്യ മത്സരത്തിൽ നെതർലാൻഡ്സിനെ ദക്ഷിണാഫ്രിക്കയും രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ പാക്കിസ്ഥാനും നേരിടും. മൂന്നാം മത്സരമാണ് ഇന്ത്യ-സിംബാബ്വെ മരണപോരാട്ടം. ഇന്ത്യയുടെ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടാൽ ഇന്ത്യ സെമിയിലെത്തുമോ എന്ന ചോദ്യം പലയിടത്തുനിന്നും എത്തുന്നുണ്ട്. ഇന്ത്യ സെമിയിലെത്തും എന്ന് തന്നെയാണ് ഇതിന്റെ ഉത്തരം.
നിലവിൽ ആറു പോയിന്റുകളുള്ള ഇന്ത്യ രണ്ടാം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണുള്ളത്. ഒപ്പം 5 പോയിന്റുകളുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും, നാലു പോയിന്റുകളുള്ള പാക്കിസ്ഥാൻ മൂന്നാം സ്ഥാനത്തും നിൽക്കുന്നു. ഇന്ത്യ-സിംബാബ്വെ മത്സരം മഴമൂലം പൂർണമായും ഉപേക്ഷിക്കപ്പെടുകയാണെങ്കിൽ ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും. അങ്ങനെയെങ്കിൽ ഇന്ത്യ 7 പോയിന്റിൽ എത്തും.
ഇങ്ങനെ സംഭവിച്ചാലും ഇന്ത്യ സെമിയിലേക്ക് യോഗ്യത നേടും. എന്നാൽ ഗ്രൂപ്പ് ചാമ്പ്യന്മാരാവാൻ സാധ്യത കുറവാണ്. കാരണം നെതർലൻഡ്സിനെ വലിയൊരു റൺ റേറ്റിന് പരാജയപ്പെടുത്തിയാൽ ദക്ഷിണാഫ്രിക്കയ്ക്ക് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കും. ഇന്ത്യ- സിംബാബ്വേ മത്സരം ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ, ദക്ഷിണാഫ്രിക്ക നെതർലൻഡ്സിനോട് പരാജയപ്പെട്ടാൽ മാത്രമേ പാക്കിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിലെ വിജയിക്ക് സെമിയിൽ എത്താൻ സാധിക്കൂ.
ഇന്ത്യ-സിംബാബ്വേ മത്സരം മഴമൂലം ഉപേക്ഷിക്കുകയും, ദക്ഷിണാഫ്രിക്ക നെതർലാൻസിനെതിരെ വിജയം കാണുകയും ചെയ്താൽ പാകിസ്ഥാനും ബംഗ്ലാദേശും ടൂർണമെന്റിന് പുറത്താവും. കാരണം ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും ഏഴ് പോയിന്റുകളാവും. എന്തായാലും മത്സരത്തെ മഴ ബാധിക്കുമോ എന്നത് കാത്തിരുന്നു തന്നെ കാണേണ്ടതാണ്.