നിലവിൽ വലിയൊരു നാണക്കേടിന് തൊട്ടു മുൻപിലാണ് ഇന്ത്യൻ ടീം നിൽക്കുന്നത്. താരതമ്യേന ദുർബലരായ ബംഗ്ലാദേശ് ടീമിനോട് വളരെ നിരാശാജനകമായ രീതിയിൽ പരമ്പരയിൽ പരാജയമറിഞ്ഞ ഇന്ത്യ പതറുകയാണ്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ചെറിയ മാർജിനിൽ വിജയിച്ച ബംഗ്ലാദേശ് തങ്ങളുടെ കരുത്തുകാട്ടി കഴിഞ്ഞു. നാളെ മൂന്നാം ഏകദിനം നടക്കാനിരിക്കെ അവസാന മത്സരത്തിലും വിജയം നേടി ഒരു തൂത്തുവാരലിനാണ് ബംഗ്ലാദേശ് ശ്രമിക്കുന്നത്.
തങ്ങളുടെ പ്രധാന കളിക്കാരായ തമീം ഇക്ബാലും തസ്കിൻ അഹമ്മദും ഇല്ലെങ്കിലും ശക്തിയുടെ കാര്യത്തിൽ തങ്ങൾ പിന്നിലല്ല എന്നാണ് ബംഗ്ലാദേശ് കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ കാട്ടിത്തന്നത്. മെഹദി ഹസന്റെയും ഷക്കീബ് അൽ ഹസന്റെയും ഹീറോയിസം ഇന്ത്യയെ ഭയപ്പെടുത്തുന്നുണ്ട് എന്നത് വസ്തുതയാണ്. അതിനാൽതന്നെ മൂന്നാം മത്സരത്തിലും ഒരു ഉഗ്രൻ പ്രകടനം കാഴ്ചവച്ച പരമ്പരയിൽ ഇന്ത്യയെ നാണംകെടുത്താനാവും ബംഗ്ലാദേശ് ഇറങ്ങുന്നത്.
മത്സരത്തെപ്പറ്റി ദിനേശ് കാർത്തിക്ക് പറഞ്ഞത് ഇങ്ങനെയാണ്. “ബംഗ്ലാദേശ് തീർച്ചയായും പൂർണമായ ഒരു കൊലപാതകത്തിനാവും ശ്രമിക്കുന്നത്. 3-0ന് ഇന്ത്യയെ പരാജയപ്പെടുത്തുക എന്നത് അവർക്ക് എന്നും സാധിക്കുന്ന കാര്യമല്ല. അതിനാൽതന്നെ ഇത്തരം അവസരങ്ങൾ ലഭിക്കുമ്പോൾ അവർ അതിനായി പരമാവധി ശ്രമിക്കും. അതിനാൽ ഇന്ത്യ ശ്രദ്ധിക്കണം.”- ദിനേശ് കാർത്തിക്ക് പറഞ്ഞു.
മറുവശത്ത് ഇന്ത്യയുടെ സ്ഥിതി അല്പം കഷ്ടത്തിൽ തന്നെയാണ്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ പരാജയം ഇന്ത്യയ്ക്ക് അപ്രതീക്ഷിതമായിരുന്നു. ഒപ്പം അവസാന മത്സരത്തിൽ നായകൻ രോഹിത്തുമില്ല. അതിനാൽതന്നെ അവസാന മത്സരം വിജയിക്കാൻ ഒരു തിരിച്ചുവരവ് ഇന്ത്യക്ക് അത്യാവശ്യമാണ്. നാളെ 11:30നാണ് ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ അവസാന മത്സരം നടക്കുന്നത്.