നിലവിൽ ഇന്ത്യൻ ടീം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കളിക്കാരുടെ ഫിറ്റ്നസ് ഇല്ലായ്മ. ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിനിടെ പേസർ ദീപക് ചാഹറിനും പരിക്കേറ്റത്തോടെ ഇന്ത്യയുടെ കാര്യങ്ങൾ കൂടുതൽ അവതാളത്തിലായിരിക്കുന്നു. മത്സരത്തിൽ 3 ഓവർ മാത്രമേ ചാഹർ ബോൾ ചെയ്തിരുന്നുള്ളൂ. മുൻപ് 2022 ഏപ്രിലും ചാഹറിനെ പരിക്കു പിടികൂടിയിരുന്നു. ശേഷം ഓഗസ്റ്റിലാണ് ചാഹൽ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തിയത്. ഇന്ത്യ ഇനിയെങ്കിലും പൂർണ്ണമായി ഫിറ്റായ കളിക്കാരെ മാത്രമേ ടീമിൽ ഉൾപ്പെടുത്താവൂ എന്നാണ് മുൻ ഇന്ത്യൻ താരം സാബാ കരീം ഇപ്പോൾ പറയുന്നത്.
“ഇന്ത്യ കൃത്യമായ തീരുമാനങ്ങൾ എടുത്തേ പറ്റൂ. രോഹിത് തന്റെ തീരുമാനങ്ങളിൽ ശക്തമായി തന്നെ നിൽക്കണം. സ്ഥിരമായി ഫിറ്റ് ആയിരിക്കുന്ന കളിക്കാരെയാണ് രോഹിതിന് ആവശ്യം. ഒന്നോ രണ്ടോ മത്സരങ്ങൾ മാത്രം കളിക്കുകയും പിന്നീട് ഫിറ്റ്നസ് ഇല്ലാതെ പോവുകയും ചെയ്യുന്ന കളിക്കാരെ നമുക്ക് ആവശ്യമില്ല.”- കരീം പറയുന്നു.
ജസ്‌പ്രിറ്റ് ബുമ്രയെയാണ് കരെ ഇക്കാര്യത്തിൽ ഉദാഹരണമായി കാട്ടുന്നത്. “നമുക്ക് ജസ്പ്രിറ്റ് ബുമ്രയെ പരിശോധിക്കാം. ആദ്യം അയാളെ പരിക്കു പിടികൂടി. പിന്നീട് അയാൾ തിരികെയെത്തി. ശേഷം ഒന്നോ രണ്ടോ മത്സരങ്ങൾക്ക് ശേഷം വീണ്ടും പരിക്കിന്റെ പിടിയിലായി. എല്ലാവരുടെയും കഥ ഇതുതന്നെയാണ്. യുവകളിക്കാരുടെയും അനുഭവസമ്പത്തുള്ളവരുടെയും കാര്യവും ഇതുതന്നെ.”- കരീം കൂട്ടിച്ചേർക്കുന്നു.
നിലവിൽ ഇന്ത്യയുടെ പല ബോളർമാരും പരിക്കിന്റെ പിടിയിലാണ്. ബൂമ്രയും ഷാമിയുമടക്കം പലരും പരിക്കുമൂലം വിശ്രമത്തിലാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിന്റെ ഫിറ്റ്നസിനെ സംബന്ധിച്ച് വലിയ രീതിയിലുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്.