ഭൂവനേശ്വർ കുമാർ എന്തുകൊണ്ട് ഇന്ത്യയുടെ ഏകദിന സ്‌ക്വാഡിൽ ഇല്ല? രൂക്ഷവിമർശനവുമായി മുഹമ്മദ്‌ കൈഫ്‌!

   

2022ലെ ട്വന്റി20 ലോകകപ്പിൽ നേരിട്ട പരാജയം ഇന്ത്യൻ ടീമിനെ സംബന്ധിച്ച് അസഹനീയം തന്നെയായിരുന്നു. വളരെ പ്രതീക്ഷയോടെ ഓസ്ട്രേലിയയിലേക്ക് വണ്ടി കയറിയ ഇന്ത്യ സെമിയിൽ ഇംഗ്ലണ്ടിനോട് വലിയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. എന്നാൽ 2023ൽ 50 ഓവർ ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ വളരെയേറെ മുൻകരുതൽ എടുത്തേ പറ്റൂ എന്നാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് ഇപ്പോൾ പറയുന്നത്.

   

“2022 ട്വന്റി20 ലോകകപ്പ് വിജയിച്ച ഇംഗ്ലണ്ട് ടീം പരിശോധിച്ചാൽ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. അവരുടെ സ്ക്വാഡിന്റെ ശരാശരി പ്രായം 31 വയസ്സായിരുന്നു. അതിനാൽതന്നെ പരിചയ സമ്പന്നരായ കുറച്ചധികം കളിക്കാർ അവർക്കൊപ്പം ഉണ്ടായിരുന്നു. 2023 ലോകകപ്പിനായി ഇന്ത്യ തയ്യാറെടുപ്പുകൾ ആരംഭിക്കുകയാണെങ്കിൽ അത് ഇവിടെ നിന്ന് തുടങ്ങണം. ന്യൂസിലാൻഡിനെതിരെ ഇപ്പോൾ നടക്കുന്ന പരമ്പരയിൽ നിന്ന് അവർ തയ്യാറെടുപ്പുകൾ ആരംഭിക്കണം. കാരണം ഇന്ത്യക്ക് ഒരുപാട് ഏകദിനങ്ങൾ ഒന്നും ലോകകപ്പിന് മുൻപില്ല. 25 മത്സരങ്ങളോ മറ്റോ കാണുള്ളൂ.”- മുഹമ്മദ് കൈഫ്‌ പറയുന്നു.

   

ഇന്ത്യയുടെ ഏകദിനത്തിലെ പ്രധാന പ്രശ്നം ബോളിംഗ് തന്നെയാണെന്ന് കൈഫ് പറയുന്നു. “പ്രധാന പ്രശ്നം ബോളിംഗാണ്. രണ്ടാം ഏകദിനത്തിൽ ശർദൂർ താക്കൂർ കളിച്ചിരുന്നില്ല. സിറാജിനെ ഇന്ത്യ തിരിച്ചു പറഞ്ഞുവിടുകയും ചെയ്തു. മാത്രമല്ല എന്തുകൊണ്ടാണ് ഭുവനേശ്വർ കുമാർ ഏകദിന സ്‌ക്വാഡിൽ ഇല്ലാത്തത് എന്നതിനെപ്പറ്റി ഒരറിവുമില്ല. അയാൾ നല്ല ബോളറാണ് പക്ഷേ അയാൾ സ്‌ക്വാഡിൽ ഇല്ല”- കൈഫ് കൂട്ടിച്ചേർക്കുന്നു.

   

“പുതിയ കളിക്കാരെ കണ്ടെത്താനായി നമ്മൾ ശ്രമിക്കുമ്പോൾ നമുക്ക് പഴയ കളിക്കാരെ നഷ്ടപ്പെടുകയാണ്. ഒരു ചൊല്ലുണ്ട്. ഡയമണ്ട് അന്വേഷിച്ചു പോകുമ്പോൾ നമുക്ക് സ്വർണ്ണം നഷ്ടപ്പെടുന്നു.”- മുഹമ്മദ് കൈഫ് പറഞ്ഞുവയ്ക്കുന്നു. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയുടെ നഷ്ടം തന്നെയാണ് ഭുവനേശ്വർ കുമാർ.

Leave a Reply

Your email address will not be published. Required fields are marked *