ഇന്ത്യയുടെ 2022 ലോകകപ്പിന് ശേഷം സീനിയർ താരങ്ങളും കോച്ചുകളുമൊക്കെ ഇടവേളയെടുക്കുകയുണ്ടായി. വിരാട് കോഹ്ലി, രോഹിത് ശർമ, കെ എൽ രാഹുൽ എന്നിവരാണ് ഇടവേളയെടുത്ത പ്രധാന താരങ്ങൾ. ഇവർക്ക് പുറമേ ഹെഡ് കോച്ചായ രാഹുൽ ദ്രാവിഡും ബാറ്റിംഗ് കോച്ച് വിക്രം റാത്തോറും വിശ്രമം എടുത്തിരുന്നു. ശേഷം ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും പൊട്ടിപ്പുറപ്പെടുകയുണ്ടായി. കളിക്കാരെ മാറ്റിനിർത്തിയാൽ കോച്ചുകൾ ഇങ്ങനെ വിശ്രമം എടുക്കേണ്ട ആവശ്യമില്ല എന്നാണ് മുൻ ഇന്ത്യൻ തരം അജയ് ജഡേജ ഇപ്പോൾ പറയുന്നത്. ഇങ്ങനെ ഇടവേള എടുക്കുന്നത് ശരിയല്ലെന്നും ജഡേജ പറയുകയുണ്ടായി.
“പരിശീലകർക്ക് വിശ്രമം ആവശ്യമില്ല.. അവർക്ക് രണ്ട് രണ്ടര മാസം ഇടവേള ഐപിഎൽ സമയത്ത് ലഭിക്കുന്നതാണ് രണ്ട് കോച്ചുകളും എന്റെ സുഹൃത്തുക്കളാണ്.വിക്രം റാത്തോറുമായി നല്ല ഒരു ബന്ധം എനിക്കുണ്ട്. ദ്രാവിഡ് ഇന്ത്യയെ സംബന്ധിച്ച് എക്കാലത്തെയും മികച്ച ക്രിക്കറ്ററുമാണ്. അദ്ദേഹത്തോടുള്ള ബഹുമാനവുമുണ്ട്. പക്ഷേ കോച്ച് എന്നത് രണ്ടുവർഷം നമ്മൾ ചെയ്യേണ്ട ജോലിയാണ്. കളിക്കാരെ പോലെ തന്നെ തങ്ങളുടെ മുഴുവൻ പ്രയത്നവും കോച്ചുകൾ ടീമിനായി നൽകേണ്ടതുണ്ട്.”- ജഡേജ പറഞ്ഞു.
മുൻപ് ഇന്ത്യയുടെ കോച്ച് രവിശാസ്ത്രി കോച്ചുകൾ ഇടവേളയെടുക്കുന്നതിനെപ്പറ്റി സംസാരിച്ചിരുന്നു. “ഞാൻ ഇടവേളകളിൽ വിശ്വസിക്കുന്നില്ല. കാരണം എനിക്ക് എന്റെ ടീമിനെ മനസ്സിലാക്കണം. എന്റെ കളിക്കാരെ മനസ്സിലാക്കണം. ടീമിന്റെ നിയന്ത്രണവും നടപ്പിലാക്കണം. എന്തിനാണ് സത്യത്തിൽ ഇടവേള എടുക്കേണ്ടതിന്റെ ആവശ്യം എന്ന് ഞാൻ സംശയിക്കുന്നു.”- രവിശാസ്ത്രി പറയുന്നു.
നിലവിൽ ഇരുകോച്ചുമാരും വിശ്രമത്തിലാണ്. ബംഗ്ലാദേശിനിതരായ ഇന്ത്യയുടെ ടെസ്റ്റ് ഏകദിന പരമ്പരകളിൽ ഇരുവരും ടീമിനൊപ്പം അണിനിരക്കും. ഒപ്പം ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ സാന്നിധ്യമായിരുന്ന സീനിയർ കളിക്കാരും ഈ പരമ്പരയിൽ കളിക്കുന്നതാണ്.