ഇന്ത്യയുടെ യുവപേസ് ബോളർ ഉമ്രാൻ മാലിക്ക് വരുന്ന ട്വന്റി20 മത്സരങ്ങളിലെ വലിയ പ്രതീക്ഷ തന്നെയാണ്. 150 നു മുകളിൽ സ്പീഡിൽ ബോളെറിയാൻ സാധിക്കുന്ന മാലിക്ക് ഇന്ത്യയുടെ ഭാവിയാണ് എന്ന കാര്യത്തിൽ സംശയമില്ല. ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ട്വന്റി20 സ്ക്വാഡിൽ അംഗമാണ് ഉമ്രാൻ മാലിക്ക്. എന്നാൽ രണ്ടാം ട്വന്റി20യിൽ ഇന്ത്യ ഉമ്രാനെ ഇലവനിൽ ഇറക്കിയിരുന്നില്ല. ഉമ്രാനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നാണ് മുൻ പാക്കിസ്ഥാൻ താരം സൽമാൻ ബട്ട് പറയുന്നത്.
“ഇന്ത്യ ജനുവിൻ ഫാസ്റ്റ് ബോളറായ ഉമ്രാൻ മാലിക്കിന് ടീമിൽ സ്ഥാനം നൽകണം. ഇങ്ങനെ വ്യത്യസ്തമായ ടീം കളിക്കുമ്പോഴെങ്കിലും അയാൾക്ക് അവസരം നൽകിയെ പറ്റൂ. ഭുവനേശ്വർ കുമാർ മോശമാണെന്നല്ല. ഭുവനേശ്വർ ഒരു മികച്ച സ്വിങ് ബോളർ തന്നെയാണ്. പക്ഷേ ഈ പരമ്പരയിൽ ഭുവി എന്തിനാണ് കളിക്കുന്നത്? അയാൾ ഇന്ത്യയുടെ പ്രധാന ടീമിലെ അംഗമല്ലേ. അയാളോട് ഒപ്പമെങ്കിലും ഉമ്രനെ ഇന്ത്യ കളിപ്പിക്കണം. സൈഡ് ബെഞ്ചിലിരുന്നാൽ ഉമ്രാന് അന്താരാഷ്ട്ര ക്രിക്കറ്റിൽ പരിചയസമ്പന്നത ലഭിക്കില്ല.”- സൽമാൻ ബട്ട് പറയുന്നു.
തന്റെ സമീപകാലങ്ങളിലെ പുരോഗതികളെ പറ്റി ഉമ്രാൻ മാലിക് മത്സരത്തിനു മുമ്പ് സംസാരിച്ചിരുന്നു. “ഞാൻ എന്റെ ലെങ്ത്തുകളിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. എന്റെ കൃത്യതയിൽ വർദ്ധനവുണ്ടായിട്ടുണ്ട്. പേസ് എന്നത് എന്നെ സംബന്ധിച്ച് പ്രാധാന്യമേറിയതാണ്. എന്നാൽ വേരിയേഷനുകളാണ് അതിലും വലുതായി ഉള്ളത്.”-മാലിക് പറയുകയുണ്ടായി.
ഇന്ത്യയ്ക്കായി അയർലണ്ടിനെതിരെയായിരുന്നു ഉമ്രാൻ മാലിക്ക് തന്റെ ആദ്യ ട്വന്റി20 മത്സരം കളിച്ചത്. പരമ്പരയിൽ മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ടു വിക്കറ്റുകളായിരുന്നു മാലിക് നേടിയത്. നിലവിൽ ഇന്ത്യയുടെ ന്യൂസിലാൻഡിതിരായ ട്വന്റി20 പരമ്പരയിലും ഏകദിന പരമ്പരയിലും അംഗമാണ് ഉമ്രാൻ മാലിക്ക്.