7ആം നമ്പറിൽ മറ്റാര് ഇറങ്ങാനാണ്?? സന്നാഹമത്സരത്തിൽ ഇന്ത്യയ്ക്ക് പറ്റിയ അബദ്ധം!!

   

ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരത്തിൽ വളരെയധികം അതിശയോക്തിയുയർത്തിയ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മത്സരത്തിൽ അത്രസമയവും ഭാഗമാകാതിരുന്ന മുഹമ്മദ് ഷാമിക്ക് ക്യാപ്റ്റൻ രോഹിത് ശർമ അവസാന ഓവർ നൽകിയതടക്കം പലർക്കും അത്ഭുതം തന്നെയാണ്. അതുപോലെതന്നെ ശ്രദ്ധേയമായ മറ്റൊരു കാര്യമായിരുന്നു അക്ഷർ പട്ടേലിനെ തഴഞ്ഞത്. മത്സരത്തിൽ അക്ഷർ ഇന്ത്യയ്ക്കായി ഒരു ഓവർ പോലും ബോൾ ചെയതില്ല. ഇത് സംബന്ധിച്ച് പിന്നീട് ഒരുപാട് ചർച്ചകളും പൊട്ടിപ്പുറപ്പെടുകയുണ്ടായി.

   

ട്വന്റി20 ലോകകപ്പിൽ രവിചന്ദ്രൻ അശ്വിനെയും ചാഹലിനെയും സ്പിന്നർമാരായി ഉപയോഗിക്കാൻ തീരുമാനിച്ചതിനാലാവാം രോഹിത് അക്ഷർ പട്ടേലിന് ബോൾ നൽകാതിരുന്നത് എന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ഇപ്പോൾ പറയുന്നത്. എന്നാൽ അക്ഷർ പട്ടേൽ ടീമിൽ കളിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് മറ്റൊരു ഏഴാം നമ്പർ ബാറ്ററുണ്ടോ എന്നും ആകാശ് ചോപ്ര ചോദിക്കുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആകാശ് ചോപ്ര ഇക്കാര്യങ്ങൾ സംസാരിച്ചത്. “സന്നാഹ മത്സരത്തിൽ അക്ഷർ ഒരു ഓവർ പോലും എറിഞ്ഞിരുന്നില്ല.

   

ഇത് സൂചിപ്പിക്കുന്നത് രോഹിത് അശ്വിനെയും ചാഹലിനെയും 2022 ലോകകപ്പ് മത്സരങ്ങളിൽ കളിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്നാണ്. അങ്ങനെയെങ്കിൽ അക്ഷറിനെ ഇന്ത്യ പുറത്തിരുത്തേണ്ടിവരും. പക്ഷേ അങ്ങനെ സംഭവിച്ചാൽ ഏഴാം നമ്പരിൽ ആരു ബാറ്റ് ചെയ്യും?”- ചോപ്ര ചോദിക്കുന്നു. മത്സരത്തിൽ ഏഴാം നമ്പർ ബാറ്ററായി അക്ഷർ കളിച്ചിരുന്നു. 6 റൺസ് നേടിയ അക്ഷർ പട്ടേൽ മത്സരത്തിൽ പുറത്താവാതെ നിന്നു. പക്ഷേ മത്സരത്തിൽ അക്ഷർ ഒരു ഓവർ പോലും ബോൾ ചെയ്യാതിരുന്നത് ആരാധകരെയടക്കം അത്ഭുതപ്പെടുത്തിയിരുന്നു.

   

ഈ വർഷം നടന്ന മത്സരങ്ങളിലൊക്കെയും മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ തന്നെയായിരുന്നു അക്ഷർ പട്ടേൽ കാഴ്ച വച്ചിരുന്നത്. നിലവിൽ രവീന്ദ്ര ജഡേജ എന്ന വെടിക്കെട്ട് ഓൾറൗണ്ടറുടെ അഭാവം ഇന്ത്യയെ വളരെയധികം ബാധിക്കുന്നുണ്ട്. ജഡേജയ്ക്ക് പകരക്കാരനായാണ് ഇന്ത്യ അക്ഷറിനെ ടീമിൽ ഉൾപ്പെടുത്തിയത്. പക്ഷേ സന്നാഹ മത്സരത്തിൽ അക്ഷറിന് ഒരു ഓവർ പോലും ലഭിക്കാതിരുന്നത് നിർഭാഗ്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *