ഏഷ്യാകപ്പിൽ നിന്ന് ആദ്യം പുറത്താകുന്ന ടീമായി ബംഗ്ലാദേശ്. നിർണായകമായ മത്സരത്തിൽ ശ്രീലങ്കയോട് രണ്ടുവിക്കറ്റിന് പരാജയപ്പെട്ടാണ് ബംഗാൾ കടുവകൾ പുറത്തായത്. അത്യന്തം ആവേശകരമായ മത്സരത്തിൽ ശ്രീലങ്ക എല്ലാത്തരത്തിലും ബംഗ്ലാദേശിനെ പഞ്ഞിക്കിടുകയായിരുന്നു. ഇതോടെ ഏഷ്യാകപ്പിൽ സൂപ്പർ 4ലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി ശ്രീലങ്ക മാറി.
മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക പതിവുപോലെ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ ബംഗ്ലാ കടുവകളുടെ വിക്കറ്റ് പിഴുതെറിയാൻ ശ്രീലങ്കൻ ബോളർമാർക്ക് സാധിച്ചിരുന്നു. ആദ്യത്തെ 8 ഓവറുകളിൽ 64 റൺസിന് മൂന്നു വിക്കറ്റ് എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്.എന്നാൽ പിന്നീട് അഫീഫ് ഹോസ്സൈനും മൊസദേക്ക് ഹോസ്സൈനുമൊക്കെ അടിച്ചുതകർത്തതോടെ ബംഗ്ലാദേശ് തരക്കേടില്ലാത്ത ഒരു സ്കോറിലേക്ക് നീങ്ങി.
ഇന്നിങ്സിൽ പ്രധാനിയായ അഫീഫ് ഹൊസൈൻ 22 പന്തുകളിൽ 39 റൺസും, മൊസദേക്ക് ഹോസ്സൈൻ 9 പന്തുകളിൽ 24 റൺസുമാണ് നേടിയത്. ഇവരുടെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ നിശ്ചിത 20 ഓവറിൽ 183 റൺസാണ് ബംഗ്ലാദേശ് നേടിയത്. മറുപടി ബാറ്റിംഗിൽ മികച്ച തുടക്കം ശ്രീലങ്കയ്ക്ക് ലഭിച്ചു. കുശാൽ മെൻഡിസ് (60) ആദ്യംമുതലേ അടിച്ചു തകർത്തത് ശ്രീലങ്കയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ എബാഡോട്ട് ഹുസൈൻ ശ്രീലങ്കയുടെ മുൻനിരയെ വീഴ്ത്തി. പിന്നീട് തുടരെ വിക്കറ്റുകൾ പൊഴിഞ്ഞു.
എന്നാൽ ക്യാപ്റ്റൻ ഷാനക പതിയെ ക്രീസിൽ ഉറച്ചു. 33 പന്തുകളിൽ 3 ബൗണ്ടറികളുടെയും 2 സിക്സറുകളുടെയും അകമ്പടിയോടെ 45 റൺസാണ് ഷാനക നേടിയത്. ഇതിനൊപ്പം വാലാറ്റത്തിന്റെ വമ്പനടികൾ കൂടിയായതോടെ ശ്രീലങ്ക രണ്ടു വിക്കറ്റിന് വിജയം നേടുകയായിരുന്നു. നിലവിൽ ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകളാണ് സൂപ്പർ നാലിനായി യോഗ്യത നേടിയിട്ടുള്ളത്. ഇന്ന് നടക്കുന്ന പാകിസ്ഥാൻ-ഹോങ്കോങ് മത്സരത്തിലെ വിജയി ഇവരോടൊപ്പം യോഗ്യത നേടും. പാകിസ്ഥാൻ തന്നെയാണ് നാലാമത് യോഗ്യത നേടാൻ സാധ്യത ഉള്ള ടീം.
What a view
Nagin Dance 🐍 🐍 By Chamika karunaratne #AsiaCupT20 #BANVSSL @ChamikaKaru29 pic.twitter.com/47yxsHLelL— Sumit Raj (@Iam_SUMITRAJ) September 1, 2022