ഒരു ഇന്ത്യ അവിടെ പരാജയമേറ്റുവാങ്ങുമ്പോൾ മറ്റൊരു ഇന്ത്യ ഇവിടെ ചരിത്രമെഴുതുന്നു ഹർമൻപ്രീറ്റ് താണ്ഡവത്തിൽ ഇന്ത്യൻ പുലിക്കുട്ടികൾ

   

ഒരുവശത്ത് ഇന്ത്യയുടെ പുരുഷ ടീം തുടർച്ചയായി പരാജയങ്ങൾ നേരിടുമ്പോൾ, മറുവശത്ത് റെക്കോർഡുകൾ സൃഷ്ടിച്ച് ചരിത്രമാവുകയാണ് ഇന്ത്യൻ വനിതാ ടീം. ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിലും ഒരു തട്ടുപൊളിപ്പൻ പ്രകടനം നടത്തി പരമ്പര സ്വന്തമാക്കിയിട്ടുണ്ട് ഇന്ത്യൻ വനിതകൾ. ക്യാപ്റ്റൻ ഹർമൻപ്രീത് കോറിന്റെ സെഞ്ചുറിയുടെ ബലത്തിലായിരുന്നു മത്സരത്തിൽ ഇന്ത്യ വിജയം കണ്ടത്.

   

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യൻ ടീമായിരുന്നു. ഓപ്പണർ ഷഫാലി വർമ്മയെ(8) ആദ്യമേ നഷ്ടമായെങ്കിലും സ്മൃതി മന്ദന(40) അടിച്ചുതകർത്തു. എന്നാൽ ആദ്യ വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായതിന് ശേഷമായിരുന്നു യഥാർത്ഥ ഷോ ആരംഭിച്ചത്. പതിയെ ക്രീസിലുറച്ച ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീറ്റ് ഹർലിൻ ഡിയോളിനെ(58) കൂട്ടുപിടിച്ച് പതിയെ സ്കോർ ഉയർത്താൻ ശ്രമിച്ചു. 113 റൺസായിരുന്നു ഇരുവരും ചേർന്ന് 4ആം വിക്കറ്റിൽ നേടിയത്. ഇന്നീങ്സിലുടനീളം കോർ വമ്പൻ ഷോട്ടുകളുമായി നിറഞ്ഞാടി. തന്റെ സെഞ്ച്വറി പൂർത്തിയാക്കിയശേഷം ഒരു വെടിക്കെട്ട് തന്നെയാണ് കാണാനായത്.

   

സെഞ്ചുറി നേടിയ ശേഷം 11 പന്തുകൾ നേരിട്ട്ഹർമൻപ്രീത് 43 റൺസാണ് നേടിയത്. അവസാന മൂന്ന് ഓവറിൽ 63 റൺസ്. ഈ വെടിക്കെട്ടിന്റെ ബലത്തിൽ 333 എന്ന മാമത്ത് സ്കോറിൽ ഇന്ത്യയെത്തി. തന്റെ ഇന്നിംഗ്സിൽ 18 ബൗണ്ടറികളും നാല് പടുകൂറ്റൻ സിക്സറുകളും ഹർമൻപ്രീറ്റ് കൗർ നേടി. ഇത് ഹർമൻപ്രീറ്റിന്റെ അന്താരാഷ്ട്ര കരിയറിലെ ആറാമത്തെ സെഞ്ചുറിയാണ്.

   

വമ്പൻ സ്കോർ പിന്തുടർന്ന ഇംഗ്ലണ്ടിന് തുടക്കത്തിലെ അടിതെറ്റി. രേണുക സിംഗ് കൃത്യമായി താളം കണ്ടെത്തിയതോടെ ഇംഗ്ലണ്ടിന് കാര്യങ്ങൾ പ്രയാസകരമായി മാറി. ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമാതും 334 എന്ന വലിയ ലക്ഷ്യവും ഇംഗ്ലണ്ടിനെ വലച്ചു. 58 പന്തുകളിൽ 65 റൺസ് നേടിയ വ്യാറ്റ് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പിടിച്ചുനിന്നത്. അങ്ങനെ ഇംഗ്ലണ്ട് ഇന്നിംഗ്സ് 245 റൺസിൽ അവസാനിച്ചു. മത്സരത്തിൽ 88 റൺസിനാണ് ഇന്ത്യൻ വനിത ടീം വിജയം കണ്ടത്. പരമ്പരയിൽ ഒരു മത്സരം അവശേഷിക്കുമ്പോൾ ഇന്ത്യ 2-0ന് മുൻപിലാണ്.

Leave a Reply

Your email address will not be published. Required fields are marked *