ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും അവസാന ഓവറുകളിൽ തല്ലുകൊണ്ട് ഇന്ത്യൻ ബോളിഗ് നിര. മത്സരത്തിന്റെ ആദ്യ സമയങ്ങളിൽ മികച്ച ബോളിംഗ് പ്രകടനം കാഴ്ചവച്ച ഇന്ത്യ ബംഗ്ലാദേശിനെ ഒരു സമയത്ത് 69ന് 6 എന്ന നിലയിൽ തളച്ചിരുന്നു. ശേഷമാണ് ബംഗ്ലാദേശ് ബാറ്റർമാർ ഇന്ത്യൻ കോട്ടകൾ തകർത്ത് താണ്ഡവമാടിയത്. തുടർച്ചയായി രണ്ടാം തവണയാണ് ബംഗ്ലാദേശ് മധ്യനിര ബാറ്റർ മെഹദി ഹസനു മുൻപിൽ ഇന്ത്യ വിറക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ മത്സരത്തിന്റെ ആദ്യസമയത്ത് ഇന്ത്യക്കായി ബോളർമാർ തീ തുപ്പി. മുഹമ്മദ് സിറാജും വാഷിംഗ്ടൺ സുന്ദറും ഉമ്റാൻ മാലിക്കും തുടക്കത്തിൽ വിക്കറ്റുകൾ കണ്ടെത്തിയതോടെ ബംഗ്ലാദേശ് തകരുകയായിരുന്നു. ശേഷമാണ് ഏഴാം വിക്കറ്റിൽ മെഹദി ഹസനും മഹ്മൂദുള്ളയും അടിച്ചു തകർത്തുന്നത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 148 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്.
മത്സരത്തിൽ മെഹദി ഹസൻ തന്റെ ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറി നേടുകയുണ്ടായി. 83 പന്തുകളിൽ എട്ടു ബൗണ്ടറികളുടെയും നാല് സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു ഹസൻ സെഞ്ചുറി പൂർത്തീകരിച്ചത്. 96 പന്തുകളിൽ 77 മത്സരത്തിൽ മഹ്മൂദുള്ള നേടിയത്. ഇരുവരും ഇന്ത്യയുടെ ബോളർമാരെ നന്നായി പഞ്ഞിക്കിട്ടു.
ഇന്നിംഗ്സിന്റെ അവസാന അഞ്ചോറുകളിൽ 68 റൺസായിരുന്നു ബംഗ്ലാദേശ് ബാറ്റർമാർ നേടിയത്. ഇതിൽ ഏറ്റവുമധികം തല്ലുവാങ്ങിയത് മുഹമ്മദ് സിറാജായിരുന്നു. നിശ്ചിത 10 ഓവറുകളിൽ 73 റൺസ് വഴങ്ങി സിറാജ് 2 വിക്കറ്റുകൾ വീഴ്ത്തി. മാലിക് 10 ഓവറുകളിൽ 58 വിട്ടുനൽകി. എന്തായാലും ഈ വെടിക്കെട്ടിന്റെ ബലത്തിൽ 50 ഓവറുകളിൽ 271 റൺസാണ് ബംഗ്ലാദേശ് നേടിയത്.