സാഹചര്യം എന്തുമാവട്ടെ, കുറ്റി പിഴുതെറിയാൻ അവനുണ്ട്!! ആളെ പിടികിട്ടിയോ

   

സ്വിങ് ബോളർമാർക്ക് സ്വിങ്ങിങ് സാഹചര്യങ്ങൾ അനുകൂലമാവും. ബൗൺസ് ബോളർമാർക്ക് ബൗൺസിങ് സാഹചര്യവും. എന്നാൽ എല്ലാ സാഹചര്യങ്ങളും അനുകൂലമാകുന്ന ബോളർമാർ ചുരുക്കം മാത്രമാണ്. പ്രത്യേകിച്ച് ഇന്ത്യൻ ക്രിക്കറ്റിൽ. ഇന്ത്യൻ മണ്ണിൽ സ്വിങ്ങിങ് ബോളുകൾകൊണ്ട് അത്ഭുതം കാട്ടുന്നു ഭൂരിപക്ഷം ബോളർമാരും ഓസ്ട്രേലിയ പോലെയുള്ള രാജ്യങ്ങളിൽപോയി പൊതിരെ തല്ലുകൊള്ളുന്ന സാഹചര്യമാണുള്ളത്. എന്നാൽ അതിൽ നിന്നൊക്കെ വിപരീതമായി ഏതു സാഹചര്യത്തിലും ബാറ്റർമാരെ എറിഞ്ഞിടാൻ കഴിവുള്ള ഒരു ബോളറാണ് മുഹമ്മദ് ഷാമി.

   

1990ൽ ഉത്തർപ്രദേശിലാണ് മുഹമ്മദ് ഷാമി ജനിച്ചത്. കർഷകനായ ഷാമിയുടെ പിതാവ് ചെറുപ്പത്തിൽ ഒരു ഫാസ്റ്റ് ബോളർ ആയിരുന്നു. അവിടെ നിന്നാണ് ഷാമി ക്രിക്കറ്റ് കളിച്ച്‌ തുടങ്ങുന്നത്. ഷാമിയ്ക്ക് 15 വയസ്സുള്ളപ്പോഴാണ് പിതാവ് ഷാമിയെ വീട്ടിൽ നിന്ന് 22 കിലോമീറ്റർ അപ്പുറം മൊറാദാബാദിൽ സിദ്ദിഖ് ക്രിക്കറ്റ് കോച്ചിന് കീഴിൽ പരിശീലനത്തിന് വിട്ടത്. മറ്റു കുട്ടികൾ ന്യൂബോളുകളുടെ സ്വിങ്ങിൽ ശ്രദ്ധിച്ചപ്പോൾ ഷാമി അവിടെ ശ്രദ്ധകേന്ദ്രീകരിച്ചത് പഴയ ബോളുകളിൽ എങ്ങനെ സ്വിങ് കണ്ടെത്താം എന്നതായിരുന്നു.

   

അങ്ങനെ ഷാമിയുടെ കരിയർ വളരാൻ തുടങ്ങി. 2013 ലായിരുന്നു ഷാമിക്ക് ഇന്ത്യൻ ടീമിലേക്ക് വിളിവന്നത്. അന്ന് പാക്കിസ്ഥാനെതിരായ തന്റെ ആദ്യ ഏകദിനമത്സരത്തിൽ നാല് മെയ്ഡൻ ഓവറുകളാണ് ഷാമി എറിഞ്ഞത്. തന്റെ ആദ്യടെസ്റ്റിൽ 5 വിക്കറ്റുകളും ഷാമി നേടി. അങ്ങനെ പതിയെ ഷാമി ഇന്ത്യൻ ടീമിന്റെ പ്രധാന ബോളറായി മാറി. 2019ൽ ഇന്ത്യയ്ക്കായി ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാം ബോളറായി ഷാമി മാറി.

   

ഇപ്പോഴും ഷാമി ടീമിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നു. ഇന്ത്യയ്ക്കായി 60 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 216 വിക്കറ്റുകളും, 79 ഏകദിനങ്ങളിൽ നിന്ന് 151 വിക്കറ്റുകളും 17ട്വന്റി20കളിൽ നിന്ന് 18 വിക്കറ്റുകളും ഷാമി നേടിയിട്ടുണ്ട്. ഇന്ത്യൻ ടീമിലേക്ക് ഒരു വമ്പൻ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ഷാമി ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *