കാലാകാലങ്ങളിൽ ക്രിക്കറ്റിന്റെ നിർവചനങ്ങൾ മാറിവന്നു ആക്രമണോത്സുക ക്രിക്കറ്റിന് ചിലർ പ്രാധാന്യം നൽകിയപ്പോൾ ക്ലാസിക് ക്രിക്കറ്റ് രീതികൾ എവിടെയോ പോയിമറഞ്ഞു. എന്നാൽ ആക്രമണോത്സുകതയും തന്മയത്തോടെയുള്ള സമീപനവും ഒരുമിച്ച് കൈകാര്യം ചെയ്യുന്ന ക്രിക്കറ്റർമാർ നന്നേ കുറവായിരുന്നു. അങ്ങനെ ഒരു ഗ്രൂപ്പ് ശക്തിപ്രാപിച്ചത് ജോ റൂട്ടും സ്റ്റീവൻ സ്മിത്തുമൊക്കെ ക്രിക്കറ്റിൽ എത്തിയപ്പോഴാണ്. അവരെപ്പോലെ തന്നെ എല്ലാ സാഹചര്യങ്ങളിലും നന്നായി ബാറ്റ് ചെയ്യുന്ന ഒരു ക്രിക്കറ്റർ ഇന്ത്യയ്ക്കും ഉണ്ടായി. അതായിരുന്നു കെ എൽ രാഹുൽ.
1992ൽ ബാംഗ്ലൂരിലായിരുന്നു കെഎൽ രാഹുൽ ജനിച്ചത്. പത്താം വയസ്സിലാണ് രാഹുൽ ക്രിക്കറ്റ് കളിക്കാൻ ആരംഭിച്ചത്. കേവലം രണ്ടു വർഷങ്ങൾക്കു ശേഷം തന്നെ രാഹുൽ ക്ലബ്ബ് ക്രിക്കറ്റിൽ സജീവമായി. അങ്ങനെ ക്ലബ്ബ് ക്രിക്കറ്റിലൂടെ കുറച്ചധികം വർഷം സഞ്ചരിച്ച രാഹുൽ 18 വയസ്സു മുതൽ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധചെലുത്താൻ തുടങ്ങി.
2010ൽ കർണാടക ടീമിനെയായിരുന്നു രാഹുൽ ആദ്യമായി പ്രതിനിധീകരിച്ചത്. എന്നാൽ 2013ൽ ഐപിഎല്ലിൽ ബാംഗ്ലൂർ ടീമിൽ എത്തിയതോടെ രാഹുലിനെ കൂടുതൽ ആളുകൾ അറിഞ്ഞുതുടങ്ങി. പിന്നീട് ടോം മോഡിയുടെ ശിക്ഷണത്തിൽ രാഹുൽ ഒരു ക്ലാസ് ബാറ്ററായി മാറി. അങ്ങനെ 2014ൽ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രാഹുൽ തന്റെ അന്താരാഷ്ട്രകരിയർ ആരംഭിച്ചു. പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ തന്നെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി കുറിച്ച രാഹുൽ പിന്നീട് ഇന്ത്യൻ ടീമിന്റെ നട്ടെല്ലായി മാറുകയായിരുന്നു.
ഇന്ത്യക്കായി 43 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 2547 റൺസാണ് കെഎൽ രാഹുൽ ഇതുവരെ നേടിയിട്ടുള്ളത്. കൂടാതെ 42 ഏകദിനങ്ങളിൽ നിന്ന് 1634 റൺസും, 56 ട്വന്റി20കളിൽ നിന്ന് 1831 റൺസും കെഎൽ രാഹുൽ നേടി. ആഭ്യന്തരക്രിക്കറ്റിൽ കർണാടക, ബാംഗ്ലൂർ, പഞ്ചാബ്, ലക്കനൗ എന്നീ ടീമുകൾക്കായി രാഹുൽ കളിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറാണ് രാഹുൽ.