39ആം ഓവറിൽ സഞ്ജു ചെയ്തത് തെറ്റോ?? ചോദ്യങ്ങൾ ഉന്നയിച്ച് ക്രിക്കറ്റ്‌ ലോകം

   

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തിൽ സഞ്ജുവിന്റെ ഒരു മാസ്മരിക ബാറ്റിംഗ് പ്രകടനം തന്നെയാണ് ഉണ്ടായത് എന്നുതന്നെ പറയാം. ഇന്ത്യ തകർച്ചയിൽ നിൽക്കുന്ന സാഹചര്യത്തിൽ ബാറ്റിങ്ങിനിറങ്ങിയ സഞ്ജു വളരെ പതുക്കെയാണ് സ്കോർ മുൻപിലേക്ക് കൊണ്ടുപോയത്. ഇന്ത്യൻ നിരയിൽ മറ്റുബാറ്റർമാർ അവശേഷിക്കാതെ വന്ന സാഹചര്യത്തിൽ മത്സരം അവസാന ഓവറുകളിൽ എത്തിക്കാൻ സഞ്ജു അങ്ങേയറ്റം ശ്രമിച്ചു. എന്നാൽ മത്സരത്തിന്റെ 38ആം ഓവറിൽ ശർദുൽ താക്കൂറിന്റെ വിക്കറ്റ് നഷ്ടമായത് മത്സരത്തിൽ വഴിത്തിരിവായി. പക്ഷെ 39ആം ഓവറിൽ സഞ്ജു എടുത്ത ചില തീരുമാനങ്ങൾ വിമർശനങ്ങളായിതന്നെ ഉയർന്നിട്ടുണ്ട്.

   

അവസാന രണ്ട് ഓവറുകളിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 36 റൺസായിരുന്നു. റബാഡ എറിഞ്ഞ 39ആം ഓവറിൽ ആവേഷ് ഖാനായിരുന്നു സ്ട്രൈക്കർ എൻഡിൽ. ഓവറിലെ ആദ്യ രണ്ടു പന്തുകളും ആവേഷ് ഖാന് തൊടാൻ പോലും സാധിച്ചില്ല. എന്നാൽ മൂന്നാം പന്തിൽ ആവേഷ് ഖാൻ ഉയർത്തിയടിച്ചു. ഇതൊരു സിംഗിളാക്കി സഞ്ജു ബാറ്റിംഗ് ക്രീസിലെത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ സഞ്ജു രണ്ട് റൺസ് നേടി.

   

ഇതോടെ വീണ്ടും ആവേഷ് ഖാന് സ്ട്രൈക്ക് ലഭിച്ചു. അടുത്ത ബോളിലും ആവേഷിന് ഒന്നും ചെയ്യാൻ സാധിക്കാതെ വന്നു. അഞ്ചാം ബോളിൽ അയാൾ പുറത്താക്കുകയും ചെയ്തു. ആവേഷ് ഉയർത്തിയടിച്ച ബോളിൽ രണ്ടു റൺസ് നേടാനുള്ള സഞ്ജുവിന്റെ തീരുമാനമാണ് ഇന്ത്യയെ ബാധിച്ചത് എന്നാണ് ചില ആരാധകർ പറയുന്നത്. മാത്രമല്ല സഞ്ജുവിനെ മോശം ചിന്തയാണ് ഇതെന്നും മുൻ ക്രിക്കറ്റർ അജിത് അഗാർക്കർ കമന്ററി ബോക്സിൽ പറയുകയുണ്ടായി.

   

ഈ വിമർശനങ്ങൾ നിൽക്കുമ്പോഴും മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയാണ് സഞ്ജു സാംസൺ കാഴ്ചവച്ചിരുന്നത്. 63 പന്തുകളിൽ 86 റൺസ് നേടിയ സഞ്ജുവിന്റെ ഇനിങ്‌സിൽ മൂന്ന് സിക്സറുകളും ഒമ്പത് ബൗണ്ടറികളും ഉൾപ്പെട്ടിരുന്നു. വരാനിരിക്കുന്ന മത്സരങ്ങളിലും സഞ്ജു ഈ ഫോം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *