ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ആദ്യ ട്വന്റി20 മത്സരത്തിൽ വളരെ പതിഞ്ഞ താളത്തിലുള്ള ഒരിന്നിങ്സായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ കളിച്ചത്. താരതമ്യേന ബാറ്റിങ്ങിനു ദുർഘടമായ പിച്ചിൽ 106 റൺസ് മാത്രം നേടാനേ ദക്ഷിണാഫ്രിക്കൻ ടീമിന് സാധിച്ചിരുന്നുള്ളൂ. മറുപടി ബാറ്റിങ്ങിലും പിച്ച് ദുർഘടസ്വഭാവം കാണിച്ചതിനാൽതന്നെ വലിയ ഷോട്ടുകൾക്ക് മുതിരാതെയാണ് കെ എൽ രാഹുൽ കളിച്ചത്. മത്സരത്തിൽ 56 പന്തുകൾ നേരിട്ട രാഹുൽ 50 റൺസാണ് നേടിയത്.
രാഹുലിന്റെ ഈ പതിഞ്ഞ താളത്തിലുള്ള ഇന്നിങ്സിനെതിരെ ഒരുപാട് വിമർശനങ്ങളും ഉയരുകയുണ്ടായി. എന്നാൽ ഈ വിമർശനങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ ക്രിക്കറ്റർ ആകാശ് ചോപ്ര. രാഹുൽ കളിച്ച രീതിയെ പ്രശംസിച്ചുകൊണ്ടും വിമർശനങ്ങൾക്കെതിരെ പ്രതികരിച്ചു കൊണ്ടുമാണ് ആകാശ് ചോപ്ര രംഗത്തുവന്നത്. “എന്തിനാണ് ആളുകൾ കെ എൽ രാഹുലിനെ ഇത്രമാത്രം വിമർശിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
107 റൺസാണ് ഇന്ത്യ ചെയ്‌സ് ചെയ്തത്. പിച്ചിന്റെ കണ്ടീഷൻ ബുദ്ധിമുട്ടുള്ളതായിരുന്നു. പിന്നെ എന്തിനാണ് ഒരു ബാറ്റർ വലിച്ചടിക്കാൻ ശ്രമിക്കേണ്ടത്. മിതമായ രീതിയിൽ സംയമനത്തോടെ ബാറ്റ് ചെയ്ത് റൺസ് കണ്ടെത്താൻ ശ്രമിക്കുകയാണ് വേണ്ടത്.”- ആകാശ് ചോപ്ര പറയുന്നു. “അഥവാ അയാൾ ക്രീസിൽ സെറ്റിൽ ആവുന്നതിനുമുമ്പ് വലിച്ചാടിക്കാൻ തുടങ്ങിയെന്നിരിക്കട്ടെ. അങ്ങനെ അയാൾ പുറത്തായാൽ അത് നിരുത്തരവാദപരമായി മാറും. എന്റെ അഭിപ്രായത്തിൽ രാഹുൽ മികച്ച രീതിയിൽ തന്നെയാണ് ബാറ്റുചെയ്തത്.
സാഹചര്യത്തെയും കണ്ടിഷനെയും അങ്ങേയറ്റം ബഹുമാനിച്ച് അയാൾ കളിച്ചു. അതിനാൽ വിമർശനം ആവശ്യമില്ല.”- ചോപ്ര കൂട്ടിച്ചേർക്കുന്നു. സൂര്യകുമാറിനൊപ്പം ചേർന്ന് 93 റൺസിന്റെ പാർട്ണർഷിപ്പായിരുന്നു രാഹുൽ മത്സരത്തിൽ നേടിയത്. മൂന്നാം വിക്കറ്റിലെ ഈ കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ടീമിലേക്ക് തിരിച്ചെത്തിയതിനു ശേഷമുള്ള രാഹുലിന്റെ മൂന്നാമത്തെ അർദ്ധശതകമാണിത്. ലോകകപ്പിൽ രാഹുൽ മികച്ച ഫോമിൽ കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.