അന്ന് ധോണി ചെയ്തത് ഇന്ന് ഹിറ്റ്‌മാൻ ചെയ്യണം രോഹിതിന് ജാഫറിന്റെ കത്രികപൂട്ട്

   

ലോകകപ്പിനായുളള ഇന്ത്യൻ ടീം സെലക്ഷനെ സംബന്ധിച്ചുള്ള ചർച്ചകൾ നല്ല തകൃതിയായിതന്നെ നടക്കുകയാണ്. പലതരത്തിലുള്ള ബാറ്റിഗ് നിരയെ പല മുൻ ക്രിക്കറ്റർമാരും ചൂണ്ടിക്കാട്ടുകയുണ്ടായി. ചിലർ രോഹിത് ശർമയും കെ എൽ രാഹുലും ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യണം എന്ന് പറയുമ്പോൾ മറ്റുചിലർ അവകാശപ്പെടുന്നത് കോഹ്ലി-രോഹിത് സഖ്യം ഓപ്പണിങ്ങിറങ്ങണം എന്നാണ്. എന്നാൽ ഇതിൽ നിന്നൊക്കെ വേറിട്ടൊരു അഭിപ്രായമാണ് മുൻ ഇന്ത്യൻ ബാറ്റർ വസീം ജാഫറിനുള്ളത്. റിഷഭ് പന്ത് ഇന്ത്യക്കായി ഓപ്പണിങ്ങിറങ്ങണം എന്നതാണ് ജാഫറിന്റെ അഭിപ്രായം.

   

“ഞാനിപ്പോഴും ചിന്തിക്കുന്നത് ഋഷഭ് പന്ത് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്നാണ്. ഓപ്പണിംഗിലാവും നമുക്ക് പന്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങൾ കാണാൻ സാധിക്കുക. അങ്ങനെയെങ്കിൽ രോഹിത് നാലാം നമ്പറിൽ ബാറ്റ് ചെയ്യണം. 2013 ചാമ്പ്യൻസ് ട്രോഫിക്ക് മുൻപായി അന്നത്തെ ക്യാപ്റ്റൻ എം എസ് ധോണി ഇത്തരമൊരു തീരുമാനം എടുത്തിരുന്നു. അന്ന് ധോണി രോഹിതിനെ ഓപ്പണറായി ഇറക്കി. പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് കണ്ടത് ചരിത്രമായിരുന്നു. അതേപോലെതന്നെ പന്തിനെ ഓപ്പണിങ്ങിറക്കാൻ രോഹിത് തയ്യാറാവണം.”- ജാഫർ പറയുന്നു.

   

ഇതോടൊപ്പം ഇന്ത്യയുടെ ബാറ്റിംഗ് നിരയുടെ ഘടനയും ജാഫർ സൂചിപ്പിച്ചു. കെ എൽ രാഹുൽ, റിഷാഭ് പന്ത്‌, വിരാട് കോഹ്ലി, രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നിവരെയാണ് ഇന്ത്യയുടെ ആദ്യ 5 ബാറ്ററായി വസീം ജാഫർ തിരഞ്ഞെടുത്തിരിക്കുന്നത്.

   

പന്ത് ഇതുവരെ ട്വന്റി20കളിൽ രണ്ടുതവണയാണ് ഓപ്പണറായി ഇറങ്ങിയിട്ടുള്ളത്. 2 ഇന്നിങ്സുകളിൽ നിന്നായി 13.5 റൺസ് ശരാശരിയിൽ 27 റൺസ് പന്ത് നേടുകയുണ്ടായി. മുൻപ് എട്ടു പ്രാവശ്യം രോഹിത് നാലാം നമ്പർ ബാറ്ററായി ഇറങ്ങിയിട്ടുണ്ട്. 8 ഇന്നിങ്സുകളിൽ നിന്നായി 31.3 റൺസ് ശരാശരിയിൽ 188 റൺസാണ് രോഹിത് നേടിയിട്ടുള്ളത്.എന്തായാലും ഈ മാറ്റങ്ങൾ ലോകകപ്പിനു മുൻപ് തന്നെ ഇന്ത്യയ്ക്ക് പരീക്ഷിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *