കഴിഞ്ഞ ട്വന്റി20 ലോകകപ്പിന് ശേഷം ഏറ്റവുമധികം വിമർശനങ്ങൾ കേൾക്കേണ്ടിവന്ന ക്രിക്കറ്ററാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. പ്രത്യേകിച്ച് രോഹിത്തിന്റെ ട്വന്റി20 ലോകകപ്പിലെ യാഥാസ്ഥിതികമായ ബാറ്റിംഗ് സമീപനങ്ങളും തണുപ്പൻ തീരുമാനങ്ങളുമൊക്കെയായിരുന്നു ഇത്രയധികം വിമർശനങ്ങൾ കേൾക്കാൻ പ്രധാന കാരണമായത്. എന്നാൽ അടുത്തവർഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ടീമിനായി ഇനിയും ഒരുപാട് ഫലപ്രദമായ കാര്യങ്ങൾ രോഹിത്തിന് ചെയ്യാനാകും എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ മനീന്ദർ സിംഗ് പറയുന്നത്.
രോഹിത് തന്റെ ഫിറ്റ്നസ് സംരക്ഷിക്കുന്നതിൽ വിരാട് കോഹ്ലിയെ മാതൃകയാക്കേണ്ടതുണ്ടെന്നും മനീന്ദർ സിംഗ് പറയുന്നു. “2011ലെ ലോകകപ്പിൽ എംഎസ് ധോണി ചെയ്തതെന്താണോ അതുപോലെ ചെയ്യാൻ അവസരം രോഹിത്തിനുണ്ട്. എന്നെ സംബന്ധിച്ച് രോഹിത്തിന് ഇനിയും ഒരുപാട് സമയം ബാക്കിയുണ്ട്. അയാൾ അയാളുടെ ഫിറ്റ്നസിൽ ശ്രദ്ധിക്കണം. അക്കാര്യത്തിൽ പ്രചോദനം ഉൾക്കൊള്ളണം. ട്വന്റി20 ലോകകപ്പിലെ രോഹിത്തിന്റെ ഷോട്ടുകളിൽ ഫിറ്റ്നസ് ഒരു കാര്യമായിട്ടുണ്ട്.”- മനീന്ദർ സിംഗ് പറയുന്നു.
“ഞാൻ കരുതുന്നത് ഈ ഇടവേള രോഹിത് ശർമയെ സഹായിക്കുമെന്ന് തന്നെയാണ്. അയാൾക്ക് ഇതിലൂടെ മികച്ച ഫലം ഉണ്ടാകും. കാരണം ഇന്ത്യയുടെ 2023ലെ 50 ഓവർ ലോകകപ്പിൽ ഒരു പ്രധാന സാന്നിധ്യമാകാൻ പോകുന്ന ക്രിക്കറ്റർ തന്നെയാണ് രോഹിത് ശർമ.”- മനീന്ദർ കൂട്ടിച്ചേർക്കുന്നു. ഇതോടൊപ്പം നിലവിലെ ടീമിൽ വാഷിംഗ്ടൺ സുന്ദറിന്റെ പ്രകടനം തന്നെ വളരെയധികം ആകർഷിച്ചുവെന്നും മനീന്ദർ സിംഗ് പറഞ്ഞു.
“സുന്ദറിന്റെ ഒരു പ്രശ്നം പരിക്കാണ്. അയാൾക്ക് അതിൽ ഒരു പരിഹാരം കാണാൻ സാധിച്ചാൽ ഇന്ത്യയ്ക്ക് അയാൾ ഒരു വലിയ മുതൽക്കൂട്ടായിരിക്കും. ഒരു വലിയ പരിക്കിന് ശേഷം ആർക്കും ഇത്ര മികച്ച ഒരു തിരിച്ചുവരവ് നടത്താൻ സാധിക്കില്ല.”- മനീന്ദർ പറഞ്ഞുവയ്ക്കുന്നു.