ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലെ സെഞ്ച്വറിയോടെ വിരാട് കോഹ്ലി കുറച്ചധികം റെക്കോർഡുകൾ സ്വന്തമാക്കിയിരിക്കുന്നു. തന്റെ അന്താരാഷ്ട്ര കരിയറിൽ 72 സെഞ്ചുറികൾ നേടിയ കോഹ്ലി ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങിനെ സെഞ്ചുറികളുടെ എണ്ണത്തിൽ മറികടക്കുകയുണ്ടായി. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ഇത് സെഞ്ച്വറികളുടെ എണ്ണമെടുക്കേണ്ട സമയമല്ല എന്നാണ് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റർ റാഷിദ് ലത്തീഫ് പറയുന്നത്
ഇന്ത്യ കൃത്യമായി ടൂർണമെന്റുകൾ വിജയിക്കുന്നതിൽ പ്രധാന ശ്രദ്ധ നൽകണമെന്നാണ് ലത്തീഫ് പറയുന്നത്. “ഇത് സെഞ്ചുറികളുടെ എണ്ണമെടുക്കേണ്ട സമയമല്ല. അതിൽ കാര്യമില്ല. അവർ ജേതാക്കളാവുന്നതിൽ ശ്രദ്ധിക്കണം. ഒരു ട്രോഫി ഇന്ത്യയിൽ എത്തിയിട്ട് വർഷങ്ങളായി. കോഹ്ലി 100 സെഞ്ചുറി നേടിയാലും, 200 സെഞ്ചുറി നേടിയാലും അത് കാര്യമല്ല. ഇന്ത്യൻ ക്രിക്കറ്റിനും ആരാധകർക്കും ആവശ്യം ടൂർണമെന്റുകളിൽ ഇന്ത്യ ജേതാക്കളാവുക എന്നതാണ്.”- ലത്തീഫ് പറഞ്ഞു.
“നമ്മൾ സാമ്പത്തികമായ പരിശോധന നടത്തിയാൽ ഐപിഎല്ലും ഇന്ത്യൻ ക്രിക്കറ്റും ഒരുപാട് മുകളിലാണ്. എന്നാൽ ഇപ്പോൾ അവർ ആരാധകരുടെയും മാധ്യമങ്ങളുടെയും പക്കൽ നിന്ന് ട്രോഫി ജയിക്കാത്തതിന്റെ സമ്മർദ്ദങ്ങൾ നേരിടുകയാണ്. കോഹ്ലിക്ക് ഒരുപക്ഷേ 100 സെഞ്ചുറികൾ നേടാൻ സാധിച്ചേക്കും എന്നാൽ ആളുകളുടെ ആവശ്യം മറ്റൊന്നാണ്.”- ലത്തീഫ് കൂട്ടിച്ചേർക്കുന്നു.
“ഏഷ്യാ കപ്പ് പോയി. ചാമ്പ്യൻസ് ട്രോഫി പോയി. 2019ലെ ലോകകപ്പും അവസാന രണ്ട് ട്വന്റി20 ലോകകപ്പുകളും നഷ്ടമായി. 100 സെഞ്ചുറികൾക്ക് സ്ഥാനമുണ്ട് എന്നത് ശരിയാണ്. പക്ഷേ അതിന് ഇവിടെ പ്രസക്തി കുറവാണ്.”- ലത്തീഫ് പറഞ്ഞു വയ്ക്കുന്നു. ഇന്ത്യ ബംഗ്ലാദേശിനെതിരായ പരമ്പരയിലും പരാജയമറിഞ്ഞതോടെ വലിയ വിമർശനങ്ങൾ തന്നെയാണ് ഉദിക്കുന്നത്. അതിനാൽ ഇന്ത്യൻ ടീമിന്റെ ഒരു ശക്തമായ തിരിച്ചുവരവാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.