ടെസ്റ്റിൽ ഞങ്ങൾ ആക്രമിച്ച് കളിക്കും!! ഇന്ത്യയുടെ സമീപനത്തിൽ മാറ്റം വരുമെന്ന് രാഹുൽ

   

കഴിഞ്ഞ സമയങ്ങളിലെ ഇന്ത്യൻ ടീമിന്റെ ഏകദിന ട്വന്റി20 മത്സരങ്ങളിലെ സമീപനങ്ങൾ തണുത്തത് തന്നെയായിരുന്നു. ആക്രമണപരമായ രീതിയിൽ മത്സരത്തെ കാണാത്തത് ഇന്ത്യയെ ട്വന്റി20 ലോകകപ്പിലടക്കം ബാധിച്ചിട്ടുണ്ട്. ശേഷം ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ തങ്ങളുടെ യാഥാസ്ഥിതിക സമീപനം ആവർത്തിച്ചു. അതിനാൽതന്നെ ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ ഇന്ത്യ ഏതുതരം നിലപാടാണ് സ്വീകരിക്കുക എന്നത് ചോദ്യചിഹ്നമാണ്. ഇതിനുള്ള മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യയുടെ ക്യാപ്റ്റൻ കെ എൽ രാഹുൽ.

   

ആക്രമണപരമായ സമീപനം തന്നെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ തങ്ങൾ സ്വീകരിക്കുമെന്നാണ് കെ എൽ രാഹുൽ പറഞ്ഞത്. “ഞങ്ങൾ ഒരുതരത്തിലുമുള്ള മാനസികാവസ്ഥ വച്ചായിരിക്കില്ല മത്സരത്തെ സമീപിക്കുന്നത്. മത്സര സ്ഥലവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക ചരിത്രമുണ്ട്. ആ റെക്കോർഡുകൾ കൂടി പരിശോധിച്ചു അതിൽ നിന്ന് ആവശ്യമായ മുൻകരുതലുകൾ ഞങ്ങളെടുക്കും. എല്ലാ സെഷനിലും ടീമിന്റെ ഡിമാൻഡുകൾ വ്യത്യസ്തമായിരിക്കും.

   

അത് ഞങ്ങൾ ശ്രദ്ധിക്കും. പക്ഷേ ഒരു കാര്യം ഉറപ്പാണ് ഞങ്ങളുടെ പക്കൽ നിന്നും ഒരുപാട് ആക്രമണപരമായ ക്രിക്കറ്റ് നിങ്ങൾക്ക് കാണാൻ സാധിക്കും.”- രാഹുൽ പറയുന്നു. ഇതോടൊപ്പം നിലവിൽ ഇംഗ്ലണ്ട് ടീം ടെസ്റ്റ് ക്രിക്കറ്റിൽ പുലർത്തിയിരിക്കുന്ന സമീപനത്തെപറ്റിയും രാഹുൽ സംസാരിക്കുകയുണ്ടായി. “അതൊരു അശ്രദ്ധപരമായ സമീപനമല്ല. അവർക്ക് കൃത്യമായ ഒരു മാനസികാവസ്ഥയുണ്ട്. അവർ അങ്ങനെയൊരു സമീപനം ഉൾക്കൊള്ളുകയും അതിനായി ടീം രൂപീകരിക്കുകയും കളിക്കാരെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്.”- കെ എൽ രാഹുൽ കൂട്ടിച്ചേർക്കുന്നു.

   

ഇന്ത്യ അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത് ഈ വർഷം ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു. മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയം ഏറ്റുവാങ്ങിയിരുന്നു. ഈ മാസം 14നാണ് ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് നിശ്ചയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *