ഇന്ത്യയുടെ ഓസ്ട്രേലിയരായ ആദ്യ സന്നഹമത്സരത്തിലെ മുഹമ്മദ് ഷാമിയുടെ ബോളിങ് പ്രകടനം അങ്ങേയറ്റം പ്രശംസനീയമായിരുന്നു. ബുംറയുടെ പരിക്ക് വലിയ രീതിയിൽ ഇന്ത്യയെ അലട്ടിയിരുന്ന സാഹചര്യത്തിൽ ഷാമിയുടെ ഈ പ്രകടനം ഒരുപാട് ആശ്വാസമായിട്ടുണ്ട്. ഒപ്പം കഴിഞ്ഞ മത്സരങ്ങളിലൊക്കെ ഇന്ത്യ നേരിടുന്ന ഡെത്ത് ഓവർ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാക്കാൻ ഷാമിയ്ക്കാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ജസ്പ്രിറ്റ ബുമ്രയുടെ അഭാവം ഒരു വലിയ നഷ്ടമാണെന്നും, എന്നിരുന്നാലും മുഹമ്മദ് ഷാമി ബുമ്രയ്ക്ക് പകരക്കാരനാവാൻ സാധിക്കുന്ന ക്രിക്കറ്ററാണെന്നുമാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
പിടിഐയുമായി നടത്തിയ അഭിമുഖത്തിലാണ് സച്ചിൻ ഇക്കാര്യം പറഞ്ഞത്. “ബുമ്രയുടെ അഭാവം ഇന്ത്യയെ സംബന്ധിച്ച് വലിയൊരു നഷ്ടം തന്നെയാണ്. കാരണം നമുക്ക് ലോകകപ്പിൽ ഒരു സ്ട്രൈക്ക് ബോളറെ വേണം. ഒരു ജനുവിൻ വിക്കറ്റ് ടേക്കറായുള്ള ആക്രമണകാരിയായ ഫാസ്റ്റ് ബോളർ വേണം. എന്തായാലും ഷാമി ബുമ്രയ്ക്ക് ഒരു നല്ല പകരക്കാരൻ തന്നെയായിരിക്കും.”-സച്ചിൻ പറയുന്നു.
ഇതോടൊപ്പം ഇന്ത്യയുടെ മറ്റു ബോളിംഗ് സാധ്യതകളെക്കുറിച്ച് സച്ചിൻ സംസാരിക്കുകയുണ്ടായി. “അർഷദീപ് വളരെ വലിയ പ്രതീക്ഷ നൽകുന്നുണ്ട്. മാത്രമല്ല അയാൾ ഒരു ബാലൻസ്ഡ് ആയ ബോളർ കൂടിയാണ്. ഞാൻ കണ്ടതിൽ, അയാൾ ടീമിനോട് വളരെ ആത്മാർത്ഥതയുള്ള ഒരു ബോളറുമാണ്. നമുക്കൊരു കളിക്കാരനെ അയാളുടെ മാനസികാവസ്ഥ വെച്ച് മനസ്സിലാക്കാനാവും.”- സച്ചിൻ കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയയിലെ വലിയ ഗ്രൗണ്ടുകൾ ട്വന്റി20 ലോകകപ്പിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തുമെന്ന് സച്ചിൻ പറയുന്നു. അതിനാൽതന്നെ സ്പിന്നർമാർക്ക് ലോകകപ്പിൽ പ്രത്യേക സ്വാധീനം ലഭിക്കുമെന്നാണ് സച്ചിൻ വിശ്വസിക്കുന്നത്. എന്തായാലും ഇന്ത്യയ്ക്ക് ആശംസകൾ നേർന്നാണ് സച്ചിൻ അഭിമുഖം അവസാനിപ്പിച്ചത്.