ലോകകപ്പിന്റെ ആദ്യ സെമിയിൽ ഒരു അത്യുഗ്രൻ പ്രകടനം കാഴ്ചവച്ച് പാക്കിസ്ഥാൻ ടീം ഫൈനലിൽ എത്തിയിട്ടുണ്ട്. രണ്ടാം സെമിയിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോൾ ഏത് ടീം ഫൈനലിൽ പാകിസ്ഥാനെ നേരിടും എന്നത് ചോദ്യമാണ്. സൂപ്പർ പന്ത്രണ്ടിൽ അയർലൻഡ് ടീമിനോട് മാത്രമാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. ഇന്ത്യ ദക്ഷിണാഫ്രിക്കയോടും. കഴിഞ്ഞ വിജയങ്ങൾ നൽകിയ പ്രതീക്ഷയിൽ തന്നെയാവും ഇരുടീമുകളും മത്സരത്തിനിറങ്ങുക. എന്നാൽ ഫൈനലിൽ ഒരു ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടക്കാൻ തങ്ങൾ ഒരിക്കലും സമ്മതിക്കില്ല എന്നാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ പറയുന്നത്.
ഇന്ത്യയെ സെമിഫൈനലിൽ പരാജയപ്പെടുത്താൻ തങ്ങളെകൊണ്ടാവും വിധം ശ്രമിക്കുമെന്ന് ജോസ് ബട്ലർ പറയുന്നു. “ഞങ്ങൾക്ക് എന്തായാലും ഇന്ത്യ-പാകിസ്ഥാൻ ഫൈനൽ കാണണ്ട. അതിനാൽതന്നെ അത് സംഭവിക്കാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. ഇന്ത്യ ഒരു ശക്തമായ ടീം തന്നെയാണ്. കുറച്ചധികം നാടുകളായി അവർ സ്ഥിരതയോടെ തന്നെ കളിക്കുന്നുണ്ട്.
അവർക്ക് നല്ല ഡെപ്ത്തും നല്ല കഴിവുള്ള കളിക്കാരുമുണ്ട്. എല്ലാവരും മികച്ചത് തന്നെയാണ്.”- ബട്ലർ പറയുന്നു. ഇതോടൊപ്പം സൂര്യകുമാറിനെ വീഴ്ത്താൻ തങ്ങൾ വഴി കണ്ടെത്തുമെന്നും ബട്ലർ പറയുകയുണ്ടായി. “ഇതുവരെയുള്ള ടൂർണമെന്റിൽ മികച്ച പ്രകടനമാണ് സൂര്യകുമാർ പുറത്തെടുത്തിട്ടുള്ളത്. അയാളുടെ ശക്തി ബാറ്റ് ചെയ്യുമ്പോഴുള്ള സ്വാതന്ത്രമാണ്. എല്ലാ ഷോട്ടുകളും സൂര്യ കളിക്കാറുണ്ട്. എന്തായാലും സൂര്യയെ വീഴ്ത്താൻ ഞങ്ങൾ കൃത്യമായി തന്ത്രം മെനയും.”- ബട്ലർ കൂട്ടിച്ചേർക്കുന്നു.
ഇതുവരെ ടൂർണമെന്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ടീമുകളാണ് ഇംഗ്ലണ്ടും ഇന്ത്യയും. അതിനാൽതന്നെ സെമിഫൈനലിൽ ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ ആവേശമേറെയാണ്. വമ്പന്മാർ എട്ടുമുട്ടുമ്പോൾ മത്സരത്തിൽ തീപാറും എന്നത് ഏറെക്കുറെ ഉറപ്പാണ്.