ന്യൂസിലാൻഡിനെതിരായ ആദ്യ സെമി ഫൈനലിൽ വമ്പൻ വിജയം തന്നെയായിരുന്നു പാക്കിസ്ഥാൻ നേടിയത്. മത്സരത്തിൽ ന്യൂസിലാൻഡിനുമേൽ പൂർണ്ണ ആധിപത്യം സ്ഥാപിച്ച പാക്കിസ്ഥാൻ ഏഴു വിക്കറ്റുകൾക്കാണ് വിജയം കണ്ടത്. ഓപ്പണിങ് ബോളർ ഷാഹിൻഷാ അഫ്രിദിയുടെയും ഓപ്പണർമാരായ ബാബർ ആസാമിന്റെയും, മുഹമ്മദ് റിസ്വാന്റെയും മികച്ച പ്രകടനങ്ങളായിരുന്നു പാക്കിസ്ഥാനെ സെമിയിൽ വിജയത്തിലെത്തിച്ചത്. ഫൈനലിൽ തങ്ങൾ ഏത് ടീമിനെ നേരിടാനും തയ്യാറാണെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ ആസം ഇപ്പോൾ പറഞ്ഞിരിക്കുന്നു.
ആദ്യ സെമി ഫൈനലിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ബാബർ ആസം ഇക്കാര്യം അറിയിച്ചത്. “ഏത് ടീമാവും ഫൈനലിൽ നമുക്കെതിരെ ഏറ്റുമുട്ടുക എന്ന് പറയാൻ സാധിക്കില്ല. ഏത് ടീം എതിരാളികളായി വന്നാലും ഞങ്ങളുടെ നൂറുശതമാനം പ്രയത്നം മത്സരത്തിൽ നൽകാനാവും ഞങ്ങൾ ശ്രദ്ധിക്കുക. എന്തൊക്കെയാണെങ്കിലും ഫൈനലിൽ ഒരുപാട് സമ്മർദ്ദങ്ങളുണ്ടാവും. അതിനാൽതന്നെ കഴിഞ്ഞ മൂന്ന്-നാല് മത്സരങ്ങളിലേതുപോലെ ഭയമില്ലാതെ കളിക്കാനാണ് ഞങ്ങൾ ശ്രമിക്കുക. ഏത് ടീമിനോട് ഫൈനലിൽ ഏറ്റുമുട്ടാനും ഞങ്ങൾ തയ്യാറാണ്.”- ആസാം പറയുന്നു.
കൂടാതെ ന്യൂസിലാൻഡിനെതിരെ ആദ്യ സെമിയിലെ വിജയത്തെക്കുറിച്ചും ആസം സംസാരിച്ചു. “എല്ലാ മേഖലകളിലും മികച്ച പ്രകടനമാണ് പാക്കിസ്ഥാൻ സെമിഫൈനലിൽ നടത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനുശേഷം ഞങ്ങൾക്ക് ലഭിച്ച മൊമെന്റം ഞങ്ങൾ തുടരുകയാണ്. ഇങ്ങനെയുള്ള വിജയങ്ങൾ ഞങ്ങൾക്ക് ഒരുപാട് തൃപ്തി നൽകുന്നു. ഇനിയും ഒരു മത്സരം അവശേഷിക്കുകയാണ്. അതിലാണ് ശ്രദ്ധിക്കേണ്ടത്.”- ആസം കൂട്ടിച്ചേർക്കുന്നു.
സൂപ്പർ 12ലെ ആദ്യ രണ്ടു മത്സരങ്ങളിലും പരാജയമറിഞ്ഞ പാക്കിസ്ഥാൻ അത്ഭുതകരമായ രീതിയിലായിരുന്നു 2022 ട്വന്റി20 ലോകകപ്പിന്റെ ഫൈനലിലെത്തിയത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച പാക്കിസ്ഥാൻ ഇംഗ്ലണ്ടിനും ഇന്ത്യക്കും പറ്റിയ എതിരാളികൾ തന്നെയാണ്.