ഇന്ത്യയുടെ ഏഷ്യാകപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നത് ഓഗസ്റ്റ് 28ന് പാകിസ്ഥാനെതിരെ നടക്കുന്ന മത്സരത്തോടെയാണ്. ദുബായിൽ നടക്കുന്ന മത്സരത്തിൽ ബദ്ധശത്രുക്കളായ രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഒരുപാട് റെക്കോർഡുകൾ തകർക്കപ്പെടും എന്നതുറപ്പാണ്. അവസാനമായി ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ വിരാട് കോഹ്ലിയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. ബാബർ ആസം പാകിസ്ഥാൻ ക്യാപ്റ്റനും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റർമാരായ ഇവരിലേക്കാണ് ഇത്തവണയും കൂടുതൽ ദൃഷ്ടികൾ പതിയാൻ സാധ്യത. ഇവരിൽ ആരാണ് മികച്ചത് എന്ന് പരിശോധിക്കാം.
ഇതുവരെ 99 ട്വന്റി20 മത്സരങ്ങളിലാണ് വിരാട് കോഹ്ലി കളിച്ചിട്ടുള്ളത്. ഇതിൽനിന്ന് 3308 റൺസ് നേടിയിട്ടുണ്ട്. 137.66ആണ് കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ്. ബാബർ ആസം ഇതുവരെ 74 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽനിന്ന് 2686 റൺസ് നേടിയിട്ടുണ്ട്. 129.44 ആണ് ബാബറുടെ സ്ട്രൈക്ക് റേറ്റ്. റെക്കോർഡുകളുടെ കാര്യത്തിൽ ഇരുവരും ഒരേ നിലയിലാണ്. എന്നാൽ സ്ട്രൈക്ക് റേറ്റിൽ കോഹ്ലി അല്പം മുന്നിലാണ്.
ഏഷ്യാകപ്പിലെ പ്രകടനങ്ങൾ പരിശോധിച്ചാലും കോഹ്ലിയ്ക്കാണ് മേൽക്കോയ്മ. ഏഷ്യാകപ്പിൽ കോഹ്ലി അഞ്ചു ട്വന്റി20 മത്സരങ്ങളിൽ നിന്ന് 76 റൺസ് ശരാശരിയിൽ 153 റൺസ് നേടിയിട്ടുണ്ട്. ആസാം ആദ്യമായാണ് ട്വന്റി20 ഫോർമാറ്റിൽ ഏഷ്യാകപ്പ് മത്സരം കളിക്കുന്നത്. ഇരുവരുടെയും കഴിഞ്ഞ മത്സരങ്ങളുടെ പ്രകടനം പരിശോധിക്കുമ്പോൾ, 2021 മുതൽ കോഹ്ലി 14 ട്വന്റി20 മത്സരങ്ങളേ കളിച്ചിട്ടുള്ളൂ. ഇതിൽ നിന്ന് 47 റൺസ് ശരാശരിയിൽ 380 റൺസും നേടിയിട്ടുണ്ട്.
ബാബർ 2021ന് ശേഷം 30 ട്വന്റി20കൾ കളിക്കുകയുണ്ടായി. 60 റൺസ് ശരാശരിയിൽ 1005 റൺസാണ് നേടിയിട്ടുള്ളത്. കണക്കുകൾ പരിശോധിക്കുമ്പോൾ കോഹ്ലിയാണ് എല്ലാത്തരത്തിലും ബാബറിനേക്കാൾ മുന്നിട്ടുനിൽക്കുന്നത്. പക്ഷേ കഴിഞ്ഞ സമയങ്ങളിലെ ഫോം കണക്കിലെടുത്താൽ പാകിസ്ഥാൻ ക്യാപ്റ്റന് തന്നെയാണ് മേൽക്കോയ്മ. എന്തായാലും ഇരുവരുടെയും ഏറ്റുമുട്ടലുണ്ടായി കാത്തിരിക്കാം.