അവനെ ആരും കളി പഠിപ്പിക്കേണ്ട ഇന്ത്യൻ സ്പിന്നറേപറ്റി വെട്ടോറി പറയുന്നു.

   

ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ വിമർശനങ്ങൾ കേട്ട ഒരു മേഖലയാണ് സ്പിൻ വിഭാഗം. കുൽദീപ് യാദവിനെയും രവി ബിഷണോയെയുമോക്കെ ഒഴിവാക്കി ഇന്ത്യ ലോകകപ്പിലേക്കുള്ള സ്പിന്നർമാരായി തിരഞ്ഞെടുത്തത് രവിചന്ദ്രൻ അശ്വിനെയും അക്ഷർ പട്ടേലിനെയുമാണ്. ഇതിനെതിരെ മുൻ ക്രിക്കറ്റർമാരടക്കം പലരും പ്രതിഷേധം അറിയിക്കുകയുണ്ടായി. ഏഷ്യാക്കപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ബിഷണോയിയെ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയതാണ് പലർക്കും ഞെട്ടൽ ഉണ്ടാക്കിയത്.

   

കൂടാതെ കഴിഞ്ഞ സമയങ്ങളിൽ പ്രതിരോധപരമായി മാത്രം ബോൾ ചെയ്ത അശ്വിനെ ടീമിൽ ഉൾപ്പെടുത്തിയതും വിമർശനങ്ങൾക്ക് കാരണമായി. എന്നാൽ ആസ്ട്രേലിയയിൽ എന്തുചെയ്യണമെന്ന് അശ്വിന് പൂർണമായ ബോധ്യമുണ്ടെന്നാണ് മുൻ ന്യൂസീലൻഡ് താരം ഡാനിയൽ വെട്ടോറി ഇപ്പോൾ പറയുന്നത്. അതിനാൽതന്നെ അശ്വിൻ ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുച്ചീട്ടാവും എന്നാണ് വെട്ടോറിയുടെ പക്ഷം. അശ്വിന് ഓസ്ട്രേലിയയിൽ ഉള്ള പരിചയസമ്പന്നതയും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവും ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് വെട്ടോറി പറയുന്നത്. “നമുക്കെല്ലാവർക്കുമറിയാം അശ്വിൻ ഒരു മികച്ച ടെസ്റ്റ് ബോളറാണ്.

   

മാത്രമല്ല മികച്ച ഒരു ഐപിഎൽ സീസണിനു ശേഷമാണ് ഇന്ത്യൻ സ്‌ക്വാഡിലേക്ക് അയാൾ മടങ്ങിയെത്തുന്നത്. അശ്വിൻ ഏതു സാഹചര്യത്തിലും കാര്യങ്ങൾ മനസ്സിലാക്കി ബോൾ ചെയ്യാൻ സാധിക്കുന്ന ഒരു സ്പിന്നർ തന്നെയാണ്. എനിക്ക് തോന്നുന്നത് എങ്ങനെ കളിക്കണം എന്ന് പൂർണമായ ബോധ്യം അയാൾക്കുണ്ടെന്നാണ്. കാരണം ഓസ്ട്രേലിയയിൽ ഒരുപാട് തവണ അയാൾ ഇന്ത്യയുടെ തുറുപ്പ് ചീട്ടായിട്ടുള്ളതാണ്.” – വെട്ടോറി പറയുന്നു. “ഇന്ത്യയെ സംബന്ധിച്ച് നിലവിൽ ഒരുപാട് സ്പിൻ ബോളർമാരുണ്ട്.

   

അതിൽ കൂടുതൽ പേരും ഓൾറൗണ്ടർമാരുമാണ്. അതിനാൽതന്നെ അശ്വിനെ പോലെ ഒരാൾ ടീമിലെത്തുന്നത് ടീമിന് കൂടുതൽ ബാലൻസ് നൽകും.”- വെട്ടോറി കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞ ലോകകപ്പിൽ വരുൺ ചക്രവർത്തിയെയും രാഹുൽ ചാഹറിനെയുമായിരുന്നു ഇന്ത്യ സ്‌ക്വാഡിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ ഇത്തവണ ഇരുവരുടെയും പേരുപോലും ലൈംലൈറ്റിൽ ഇല്ല. എന്തായാലും അശ്വിന്റെ പരിചയസമ്പന്നത ഓസ്ട്രേലിയയിൽ ഇന്ത്യയെ സഹായിക്കും എന്ന് തന്നെ വിശ്വസിക്കാം.

Leave a Reply

Your email address will not be published. Required fields are marked *