നിലവിൽ ഏറ്റവുമധികം ആക്ടീവ് ക്രിക്കറ്റർമാരുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ കഴിഞ്ഞകുറച്ച് പരമ്പരകളായി ഒരുപാട് ക്രിക്കറ്റർമാർ കളിക്കുന്നുണ്ട്. ഇന്ത്യ പ്രയോഗിക്കുന്ന റൊട്ടേഷൻ പോളിസി ഒരു പരിധിവരെ വിജയം കാണുകയുണ്ടായി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിലവിൽ രണ്ട് വ്യത്യസ്തമായ ടീമുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന ബിസിസിഐയെ പ്രശംസിച്ചുകൊണ്ടാണ് പാക് താരം ഡാനിഷ് കനേറിയ ഇപ്പോൾ വന്നിരിക്കുന്നത്.
ഈ വർഷത്തിന്റെ ആദ്യമായിരുന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇന്ത്യയുടെ രണ്ട് ടീമുകൾ, ഒരേസമയം രണ്ടുപരമ്പരകൾ വ്യത്യസ്ത സ്ഥലങ്ങളിൽ കളിക്കുമെന്ന് പറഞ്ഞത്. അത് നടപ്പിലാക്കിയ ഇന്ത്യ കൃത്യമായ ദിശയിലൂടെയാണ് സഞ്ചരിക്കുന്നതെന്നാണ് ഡാനിഷ് കനേറിയ പറയുന്നത്. നിലവിൽ അങ്ങനെ ഒരു തന്ത്രമാണ് സിംബാബ്വെയിലേക്ക് ഇന്ത്യയുടെ B ടീമിനെ അയക്കാൻ പ്രചോദനമായത് എന്നും കനേറിയ പറയുന്നു. ഒപ്പം കഴിഞ്ഞവർഷം ഇംഗ്ലണ്ടിനെതിരെയും ശ്രീലങ്കയ്ക്കെതിരെയും ഒരേസമയം വ്യത്യസ്ത ടീമുകളെ അണിനിരത്തിയതിനെക്കുറിച്ചും കനേറിയ സംസാരിക്കുകയുണ്ടായി.
“ഇന്ത്യൻ ടീം രണ്ടായി മാറുന്നതിൽ ഒരുപാട് ചർച്ചകൾ ഉണ്ടായിട്ടുണ്ട്. ഒരുപാട് കളിക്കാരുള്ളതിനാൽ തന്നെ എല്ലാവരെയും ഒരു ടീമിൽ ഉൾപ്പെടുത്താൻ സാധിക്കില്ലല്ലോ. അതിനാൽ ഈ തന്ത്രം ഗുണംചെയ്യും. സിംബാബ്വേ ഒരു ടെസ്റ്റ് കളിക്കുന്ന രാജ്യമാണ്. അവർ നന്നായി കളിക്കുകയും ചെയ്യും. ഇന്ത്യ തങ്ങളുടെ രണ്ടാം ടീമിനെയാണ് അവർക്കെതിരായ മത്സരത്തില് അണിനിരത്തിയിരിക്കുന്നത്.
നേരത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനസമയത്ത് മറ്റൊരു ടീം രൂപീകരിച്ച് ശ്രീലങ്കയ്ക്കെതിരെ ഏകദിന-ട്വന്റി20 പരമ്പരകളും കളിച്ചിട്ടുണ്ട്”-കനേറിയ പറയുന്നു. നിലവിൽ സിംബാബ്വെയ്ക്ക്തിരായ ഇന്ത്യയുടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ രാഹുലാണ് നായകൻ. വിരാട് കോഹ്ലി, രോഹിത് ശർമ, മുഹമ്മദ് ഷാമി, രവീന്ദ്ര ജഡേജ, റിഷഭ് പന്ത് തുടങ്ങിയവർക്കൊക്കെ വിശ്രമം അനുവദിച്ചിരിക്കുകയാണ് ഇന്ത്യ.