വീണ്ടും ലോകകപ്പ് ഇന്ത്യൻ മണ്ണിലേക്ക്!! ഇന്ത്യയ്ക്ക്‌ ലോകകപ്പ് ജയിക്കാൻ ഉഗ്രൻ അവസരവും

   

ഇന്ത്യൻ മണ്ണിൽ നടന്ന ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചത് 2011ലെ 50 ഓവർ ലോകകപ്പായിരുന്നു. വലിയ രീതിയിൽ ഈ ലോകകപ്പ് ജനപ്രീതി നേടിയതോടെ പിന്നീട് ഒരുപാട് മത്സരങ്ങൾ ഇന്ത്യയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇപ്പോൾ 2025 വനിതാ ലോകകപ്പ് ഇന്ത്യൻ മണ്ണിലേക്കെത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഐസിസിയുടെ വിമൻസ് ഫ്യൂച്ചർ ടൂർസ് പ്രോഗ്രാമിലാണ് ഈ വിവരം പുറത്തുവിട്ടത്. 2025 സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാവും വനിതാ ലോകകപ്പ് ഇന്ത്യൻ മണ്ണിൽ നടക്കുന്നത്.

   

ടൂർണമെന്റ് നടത്താനുള്ള ആതിഥേയത്വ അധികാരം നേടിയെടുത്ത ശേഷം, അത് ഇന്ത്യയിൽ നടത്താൻ സാധിക്കുന്നതിന്റെ സന്തോഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പങ്കുവെക്കുകയുണ്ടായി. “വനിതാ ലോകകപ്പ് ഇന്ത്യൻ മണ്ണിൽ നടത്താൻ സാധിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. 2013ലും വനിതകളുടെ 50 ഓവർ ലോകകപ്പ് ഇന്ത്യയിൽ വച്ച് നടത്തുകയുണ്ടായി.

   

അതിനുശേഷം ഇന്ത്യൻ വനിതാ ക്രിക്കറ്റിന് വലിയ രീതിയിലുള്ള മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്.” – ഗാംഗുലി പറഞ്ഞു. “വനിതാ ക്രിക്കറ്റിന്റെ ജനപ്രീതി അനുദിനം വർധിച്ചുവരികയാണ്. അത് കൃത്യമായ രീതിയിലാണ് പോകുന്നത്. അതിനാൽ തന്നെ BCCI, ICCയോടൊപ്പം ചേർന്ന് വനിതാ ക്രിക്കറ്റിന്റെ ഉന്നമനത്തിനായി എല്ലാംതന്നെ ചെയ്തു നൽകുന്നതാണ്” – ഗാംഗുലി കൂട്ടിച്ചേർത്തു.

   

വനിതാ ക്രിക്കറ്റിൽ ഇനി വരാൻ പോകുന്നത് ട്വന്റി20 ലോകകപ്പാണ്. 2023 ഫെബ്രുവരിയിൽ നിശ്ചയിച്ചിരിക്കുന്ന ലോകകപ്പ് ദക്ഷിണാഫ്രിക്കയിൽ വച്ചാണ് നടക്കുന്നത്. അതിനുശേഷം 2024 ലോകകപ്പ് ബംഗ്ലാദേശിൽ വച്ചുമാണ് നിശ്ചയിച്ചിരിക്കുന്നത്. പിന്നീടാണ് 2025ലെ 50 ഓവർ ലോകകപ്പ് ഇന്ത്യയിൽ നടക്കുക. എന്തായാലും ഈ ടൂർണ്ണമെന്റുകളൊക്കെയും വലിയ രീതിയിലുള്ള പ്രചാരമാണ് വനിതാ ക്രിക്കറ്റിന് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *