കഴിഞ്ഞ നാല് മത്സരങ്ങളിലും വ്യത്യസ്തമായ ടീം കോമ്പിനേഷനുകളാണ് ഇന്ത്യ പരീക്ഷിച്ചിരുന്നത്. ഒരുപാട് മാറ്റങ്ങളും ടീമിൽ വരുത്തി. എന്നാൽ ആരും തന്നെ ടീമിൽ സ്ഥിരത കണ്ടെത്താതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി. വിക്കറ്റ് കീപ്പർ സ്ലോട്ടിലേക്കും രണ്ടാം സ്പിന്നർ സ്ലോട്ടിലേക്കുമാണ് കൂടുതലും ഇന്ത്യൻ മാറ്റങ്ങൾ വരുത്തിയത്. കീപ്പറായി ആദ്യം ദിനേശ് കാർത്തിക്കിനെയും പിന്നീട് റിഷാഭ് പന്തിനെയും ഇന്ത്യ പരീക്ഷിച്ചു. രണ്ടാം സ്പിന്നറായി രവി ബിഷണോയേയും അശ്വിനെയും പരീക്ഷിച്ചു. എന്നാൽ ഇത്രയധികം മാറ്റങ്ങൾ ഇന്ത്യൻ ടീമിൽ വരുത്തേണ്ട ആവശ്യമില്ല എന്നാണ് മുന് ഇന്ത്യൻ താരം റോബിൻ ഉത്തപ്പ ഇപ്പോൾ പറയുന്നത്.
അവസാന അഞ്ച് ഓവറുകളിലെ ബാറ്റിംഗ് പ്രകടനങ്ങളാണ് ഇത്രയും മത്സരങ്ങളിൽ ഇന്ത്യയെ ബാധിച്ചത് എന്നാണ് ഉത്തപ്പയുടെ പക്ഷം. അവസാന ഓവറുകളിൽ മതിയായ വിക്കറ്റുകൾ ഇല്ലാതെ വരുന്നതും മധ്യനിര ബാറ്റർമാർ നന്നായി കളിക്കാത്തതും ഇന്ത്യയുടെ ഫിനിഷിംഗിനെ ബാധിക്കുന്നു. ഡെത്ത് ഓവറുകളിലേക്കായി വിക്കറ്റുകൾ കയ്യിലില്ലെങ്കിൽ ഇന്ത്യ അക്രമണസ്വഭാവം ഇനിങ്സിന്റെ ആദ്യ സമയത്ത് കൈക്കൊള്ളുന്നതിൽ കാര്യമില്ല എന്നാണ് ഉത്തപ്പ പറയുന്നത്.
” ഇന്ത്യ ഒരുപാട് കാര്യങ്ങൾ ശ്രമിക്കുന്നു. എന്നാൽ എന്താണോ ആവശ്യമുള്ളത് അത് ചെയ്യുന്നില്ല. അധികമായ ആലോചനകളാണ് ഇന്ത്യയെ ബാധിക്കുന്നത്. നമുക്ക് ആക്രമണോത്സുക മത്സരം തന്നെയാണ് ആവശ്യം. പക്ഷേ അവസാന ഓവറുകളിൽ മതിയായ വിക്കറ്റുകൾ കയ്യിലില്ലെങ്കിൽ അത് ദോഷകരമായി തന്നെ ബാധിക്കും. “- ഉത്തപ്പ കൂട്ടിച്ചേർക്കുന്നു. ഹോങ്കോങ്ങനെതിരായ മത്സരം ഒഴിച്ചുനിർത്തിയാൽ ഏഷ്യാകപ്പിൽ ഉടനീളം ഇന്ത്യയുടെ ഫിനിഷിംഗ് ഓവറുകളിലെ പ്രകടനം വളരെ മോശം തന്നെയാണ്.
ഹർദിക് പാണ്ട്യയും റിഷഭ് പന്തും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നതും ദീപക് ഹൂഡയുടെ സ്ഥിരതയില്ലായ്മയും ഇന്ത്യക്ക് തിരിച്ചടി തന്നെയാണ്. ഈ സാഹചര്യമാണ് നല്ല സ്കോറിങ്ങിലേക്ക് കുതിക്കുന്ന ഇന്ത്യയെ പലപ്പോഴും ശരാശരിയിൽ ഒതുക്കുന്നതും. എന്തായാലും വരാൻ പോകുന്ന മത്സരങ്ങളിൽ ഇന്ത്യൻ ടീം ഇതിന് പരിഹാരം കാണും എന്ന് പ്രതീക്ഷിക്കാം.