ഇന്ത്യൻ ക്രിക്കറ്റിനെ തന്റെ ബോളിംഗ് സ്പീഡ് കൊണ്ട് ഞെട്ടിച്ച ബോളറാണ് ഉമ്രാൻ മാലിക്. ഐപിഎല്ലിൽ ഹൈദരാബാദ് ടീമിനായി കളിച്ചിരുന്ന ഉമ്രാൻ വമ്പൻ പ്രകടനങ്ങൾ തന്നെയാണ് ടൂർണമെന്റിലുടനീളം കാഴ്ചവച്ചിരുന്നത്. അതിനുശേഷമായിരുന്നു ഉമ്രാൻ മാലിക്കിന് ഇന്ത്യൻ ടീമിലേക്ക് വിളിവന്നത്. ഇന്ത്യൻ ടീമിലും നിലവിൽ മികവാർന്ന ബോളിങ് പ്രകടനങ്ങളാണ് ഈ തീയുണ്ട ബോളർ കാഴ്ച വയ്ക്കുന്നത്. എന്നാൽ ഉമ്രാൻ മാലിക് പന്ത് സിംഗ് ചെയ്യിപ്പിക്കാൻ ശ്രമിക്കാത്തതിനെതിരെ ഒരുപാട് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിനുള്ള മറുപടി നൽകുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ.
ഉമ്രാൻ തന്റെ വേഗത കൊണ്ട് ഇന്ത്യൻ ടീമിലെത്തിയ ക്രിക്കറ്ററാണെന്നും അയാൾക്ക് പന്ത് സിംഗ് ചെയ്യിക്കാൻ ശ്രമിക്കേണ്ട ആവശ്യം വരുന്നില്ലെന്നും സഞ്ജയ് ബംഗാർ പറയുന്നു. “ഉമ്രൻ മാലിക്കിന് ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിച്ചത് ഏതു ബോളർമാരെയും കുഴപ്പിക്കുന്ന അയാളുടെ ബോളിംഗ് സ്പീഡ് കൊണ്ടാണ്. നമ്മൾ ഒരു ഫാസ്റ്റ് ബോളറാണെങ്കിൽ ഫാസ്റ്റിൽ തന്നെ ബോൾ ചെയ്യണം. അല്ലാതെ പന്ത് സിംഗ് ചെയ്യിക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല.”- ബംഗാർ പറയുന്നു.
“140 നു മുകളിൽ സ്പീഡിൽ എറിഞ്ഞ് കരിയർ തുടങ്ങിയ ഒരുപാട് ബോളർമാർ ഉണ്ട്. ആ പേസിന്റെ അടിസ്ഥാനത്തിലായിരുന്നു അവർക്കൊക്കെയും ഇന്ത്യൻ ടീമിലേക്ക് സ്ഥാനം ലഭിച്ചത്. എന്നാൽ രണ്ടു പരമ്പരകൾക്ക് ശേഷം അവർ ബോൾ സിംഗ് ചെയ്യിപ്പിക്കുന്നതിന് ശ്രമിക്കാൻ തുടങ്ങി. അവർ അവരുടെ ശക്തിയിൽ നിന്നും മാറി ചിന്തിച്ചു. ഉമ്രാന്റെ കാര്യത്തിൽ അയാൾ വേഗതയിൽ തന്നെ പന്തറിയാനാവും അയാളോട് ടീം മാനേജ്മെന്റ് ആവശ്യപ്പെടുന്നത്.”- ബംഗാൾ പറഞ്ഞു.
ഇന്ത്യയുടെ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മികച്ച ബോളിംഗ് പ്രകടനങ്ങൾ തന്നെയായിരുന്നു ഉമ്രാൻ മാലിക് കാഴ്ചവെച്ചത്. പലപ്പോഴും തന്റെ അമിത പേസ് മൂലം റൺസ് വഴങ്ങുമെങ്കിലും ബാറ്റർമാർക്ക് പേടിസ്വപ്നം തന്നെയാണ് ഉമ്രാൻ മാലിക്ക്.