ബാറ്റിംഗിനനുകൂലമായ മിർപ്പൂർ പിച്ചിൽ ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ഇന്ത്യൻ ബോളിങ് നിര. രണ്ടാം ടെസ്റ്റിന്റെ ആദ്യദിനത്തിൽ സ്വപ്നതുല്യമായ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പൂർണമായും ബാറ്റിംഗിനെ അനുകൂലിക്കുന്ന പിച്ചിൽ വളരെ സൂക്ഷ്മതയോടെ തന്നെയായിരുന്നു ബംഗ്ലാദേശ് ബാറ്റർമാർ ആരംഭിച്ചത്. ആദ്യ പതിനഞ്ച് ഓവറുകളിൽ ഇന്ത്യൻ ബോളിങ് നിരയെ പിടിച്ചു കെട്ടാൻ ബംഗ്ലാദേശ് ഓപ്പണർമാർക്ക് സാധിച്ചു.
എന്നാൽ പതിനഞ്ചാം ഓവറിൽ ബോളിങ് ക്രീസിലേത്തിയ ഉനാദ്കട്ട് ബംഗ്ലാദേശിന്റെ കഥ തകിടം മറിക്കുകയായിരുന്നു. സക്കീർ ഹസനെ പുറത്താക്കി ഇന്ത്യയ്ക്കായി ഉനത്കട്ട് സംഹാരം ആവർത്തിച്ചു. പിന്നീടെത്തിയ ബംഗ്ലാദേശ് ബാറ്റർമാർക്ക് നല്ല തുടക്കം ലഭിച്ചെങ്കിലും അത് വലിയ ഇന്നിംഗ്സുകളായി മാറ്റാൻ ഇന്ത്യയുടെ ബോളർമാർ സമ്മതിച്ചില്ല. മൂന്നാമനായിറങ്ങിയ മോമിനുള്ളാണ് ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനായി പൊരുതിയത്. 157 പന്തുകൾ നേരിട്ട മോമിനുൾ 84 റൺസ് നേടുകയുണ്ടായി.
എന്നാൽ മറുവശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ കൊയാൻ ഇന്ത്യൻ ബോളിംഗ് നിരക്ക് സാധിച്ചു. ഇതിൽ എടുത്തു പറയേണ്ടത് ഉമേഷ് യാധവിന്റെ പ്രകടനമാണ്. പിച്ചിൽ നിന്ന് വലിയ പിന്തുണ ലഭിച്ചില്ലെങ്കിലും ബാറ്റർമാരെ ഉമേഷ് കുഴപ്പിച്ചു. ഇന്നിംഗ്സിൽ കേവലം 25 റൺസ് മാത്രം വിട്ടുനൽകി നാലു വിക്കറ്റുകളാണ് ഉമേഷ് യാദവ് നേടിയത്. ഉമേഷിനൊപ്പം സ്പിന്നർ അശ്വിനും മത്സരത്തിൽ നാലു വിക്കറ്റുകൾ നേടി. കേവലം 71 റൺസ് മാത്രം വിട്ടുനൽകിയാണ് അശ്വിൻ ഈ നേട്ടം കൊയ്തത്. ഒപ്പം ടീമിലേക്ക് തിരിച്ചെത്തിയ ഉനാദ്കട്ട് 2 വിക്കറ്റുകളും വീഴ്ത്തിയതോടെ ബംഗ്ലാദേശ് സ്കോർ 227ൽ അവസാനിച്ചു.
എന്തായാലും ഇന്ത്യയെ സംബന്ധിച്ച് മികച്ച ഒരു തുടക്കം തന്നെയാണ് രണ്ടാം ടെസ്റ്റിൽ ലഭിച്ചിരിക്കുന്നത്. ഒന്നാം ഇന്നിങ്സിൽ 400ന് മുകളിൽ ഒരു സ്കോർ കണ്ടെത്തി ബംഗ്ലാദേശിനെ സമ്മർദ്ദത്തിലാക്കാനാവും ഇന്ത്യ ഇനി ശ്രമിക്കുന്നത്. വരും ദിവസങ്ങളിൽ ഇന്ത്യൻ ബാറ്റർമാർ മികവ് കാട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്.